തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തില്‍, കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള അജന്‍ഡയില്‍ കോണ്‍ഗ്രസ് തൂങ്ങുന്നതും രാമക്ഷേത്ര നിര്‍മാണത്തില്‍ പങ്കുപറ്റാനിറങ്ങുന്നതും തികച്ചും വഞ്ചനാപരമാണെന്നും സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വിമര്‍ശിച്ചു.
പ്രിയങ്കയുടെയും കോണ്‍ഗ്രസിന്റെയും ഹിന്ദുത്വനയത്തില്‍ നാമമാത്ര വിയോജിപ്പ് പത്രപ്രസ്താവനയില്‍ ഒതുക്കുകവഴി കോണ്‍ഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് വീണ്ടും അധഃപതിച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
“പകല്‍പോലെ വ്യക്തമാകുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വഞ്ചനയോട് മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫിലെ കക്ഷികള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ജനാധിപത്യ വിശ്വാസികള്‍ ഗൗരവത്തോടെ വീക്ഷിക്കുകയാണ്. പള്ളി പൊളിച്ചപ്പോള്‍ നരസിംഹറാവുഭരണം കൈയുംകെട്ടി നിന്നതിനെത്തുടര്‍ന്ന് മന്ത്രിസഭയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അന്ന് മുസ്ലിംലീഗ് തീരുമാനിച്ചിരുന്നു. ആ തീരുമാനം അട്ടിമറിച്ചതിനെത്തുടര്‍ന്ന് ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേഠ് ആ പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതുവരെ കാര്യങ്ങള്‍ എത്തി.”
“മസ്ജിദ് പൊളിക്കാന്‍ കൂട്ടുനിന്നതുപോലെ, പള്ളി പൊളിച്ചിടത്ത് അമ്പലം പണിയാനുള്ള ആര്‍എസ്‌എസിന്റെയും മോദി സര്‍ക്കാരിന്റെയും അധാര്‍മികതയ്ക്ക് കൂട്ടുനില്‍ക്കുന്നതിലൂടെ കോണ്‍ഗ്രസ് വീണ്ടും മതനിരപേക്ഷതയ്ക്കും ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷിതത്വത്തിനുംമേല്‍ ഉണങ്ങാത്ത മുറിവ് സൃഷ്ടിച്ചിരിക്കുകയാണ്. അതിനാല്‍ യുഡിഎഫിലെ മുഖ്യപങ്കാളിയായി ഇനിയും തുടര്‍ന്നാല്‍ സ്വന്തം അണികളില്‍നിന്നുപോലും ലീഗ് നേതൃത്വം ഒറ്റപ്പെടും. ലീഗിന്റെ നേതൃയോഗം ചേര്‍ന്ന് കൈക്കൊണ്ടത് അഴകൊഴമ്പന്‍ നിലപാടാണ്,” കോടിയേരി പറഞ്ഞു.
ആര്‍എസ്‌എസ് അനുകൂല ഹിന്ദുത്വനയം സ്വീകരിക്കുന്നവരായി കോണ്‍ഗ്രസിലെ നല്ലൊരു പങ്ക് നേതാക്കളും മാറുകയാണെന്ന് കോടിയേരി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ ദേശീയ നിലപാടിനെ തള്ളിപ്പറയാന്‍ യുഡിഎഫിനെ നയിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിയില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുന്‍ പ്രസിഡന്റ് കെ മുരളീധരനുമെല്ലാം രാമക്ഷേത്ര നിര്‍മാണത്തിന് കൈയടിച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തെയും കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. “വര്‍ഗീയതയെ വര്‍ഗീയതകൊണ്ട് നേരിടുക എന്ന ഇന്നത്തെ കോണ്‍ഗ്രസ് നയമല്ല, വര്‍ഗീയതയെ മതനിരപേക്ഷതകൊണ്ട് നേരിടുകയെന്നതായിരുന്നു രാജീവ്ഗാന്ധിയുടെ മുത്തച്ഛനായ ജവാഹര്‍ലാല്‍ നെഹ്റുവിന്റെ നയമെന്ന് പ്രിയങ്കയും രാഹുലും ഇന്നത്തെ കോണ്‍ഗ്രസും മറന്നുപോകുന്നു.”