കൊടുമണ്‍ : കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളം വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നതെന്ന് കായിക, യുവജനകാര്യ ക്ഷേമവകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കൊടുമണ്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നാടും നഗരവും കളിക്കളത്താല്‍ നിറയുകയാണ്. ഉന്നത നിലവാരത്തിലുള്ള ദേശീയ, അന്തര്‍ദേശീയ മത്സരങ്ങള്‍ നടത്താന്‍ ഉതകുന്ന സ്റ്റേഡിയമാണിത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്റ്റേഡിയം നിര്‍മിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 13 സ്റ്റേഡിയങ്ങള്‍ ഇതിനോടകം തന്നെ നാടിന് സമര്‍പ്പിച്ചു. കായിക മികവില്‍ മുന്‍പില്‍ നില്‍ക്കുന്ന സ്ഥലമാണ് പത്തനംതിട്ടയിലെ കൊടുമണ്‍. ഇ എം എസിന്റെ ഓര്‍മകള്‍ നിലനിര്‍ത്തുന്ന സ്റ്റേഡിയമാണ് കൊടുമണ്‍ സ്റ്റേഡിയം. കായിക വികസനത്തിനൊപ്പം പൊതുജനങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുത്താം. ശാരീരിക പ്രതിരോധത്തിന് മൈതാനങ്ങള്‍ പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു.
കൊടുമണ്‍ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന സ്റ്റേഡിയമാണ് യഥാര്‍ഥ്യമായതെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. കിഫ്ബി പദ്ധതിയിലൂടെ 15 കോടി രൂപ ചെലവഴിച്ചാണ് പണി പൂര്‍ത്തീകരിച്ചത്. ഫുട്‌ബോള്‍ കോര്‍ട്ട്, ബാഡ്മിന്റണ്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട്, ഓഫീസ് കെട്ടിടം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ബാത്‌റൂം, ഫ്‌ളഡ് ലൈറ്റ് സംവിധാനം തുടങ്ങിയ എല്ലാവിധ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പന്തളം ചേരിക്കലില്‍ 50 ലക്ഷം രൂപയുടെ സ്റ്റേഡിയം നിര്‍മാണം ആരംഭിക്കാന്‍ പോവുകയാണ്. ഇതുവരെ 1050 കോടി രൂപയുടെ വികസനമാണ് മണ്ഡലത്തില്‍ നടപ്പാക്കിയത്.
അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, കോളനികളുടെ പുനരുദ്ധാരണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് സാധ്യമായതെന്നും എംഎല്‍എ പറഞ്ഞു. പൊതുസമ്മേളന ഉദ്ഘാടനം, ശിലാഫലകം അനാച്ഛാദനം എന്നിവ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് കോവളം എഫ്‌സിയും കെഎസ്ഇബിയും തമ്മിലുള്ള സൗഹൃദ പ്രദര്‍ശന ഫുട്ബോള്‍ മത്സരവും നടന്നു.
ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, ജില്ലാ പഞ്ചായത്ത് അംഗം ബീന പ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആര്‍.ബി. രാജീവ് കുമാര്‍, കുഞ്ഞന്നാമ്മ കുഞ്ഞ്, കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യദേവി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വിപിന്‍ കുമാര്‍, ചെയര്‍പേഴ്‌സണ്‍ രതീദേവി, വാര്‍ഡ് മെമ്പര്‍മാരായ സി. പ്രകാശ്, എ.ജി. ശ്രീകുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, സിപിഎം ഏരിയാ സെക്രട്ടറി എ.എന്‍. സലീം, കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. അനില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, കിറ്റ്‌കോ ഗ്രൂപ്പ് ഹെഡ് ജി. രാകേഷ്, സിനിമാ താരം പ്രവീണ്‍ പരമേശ്വരന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.