കോയിപ്രം: രണ്ടുമാസം മുമ്പ് പരിചയപ്പെട്ട 21 കാരിയെ വിവാഹവാഗ്ദാനം ചെയ്തശേഷം ബലാത്സംഗം ചെയ്ത യുവാവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട മുതിയവിള ചിത്തിരനിവാസിൽ കിരൺ രാജ് (21) ആണ് പിടിയിലായത്. രണ്ടുവർഷത്തിലധികമായി നിരണം കടപ്രയിൽ വാടകയ്ക്ക് താമസിച്ച് പഠനത്തിൽ ഏർപ്പെട്ട് വരുന്ന ഇയാൾ പരിചയത്തിലായ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകി വിശ്വസിപ്പിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞവർഷം ഡിസംബർ 11 രാവിലെ തടിയൂരുള്ള അരുവിക്കുഴി വെള്ളച്ചാട്ടം കാണുന്നതിന് കൂട്ടിക്കൊണ്ടു പോയശേഷമാണ് ആദ്യമായി പീഡിപ്പിച്ചത്. വെള്ളച്ചാട്ടത്തിനു താഴെയുള്ള റബർ തോട്ടത്തിൽ എത്തിച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു.
പിന്നീട് ഡിസംബർ 28ന് വൈകിട്ട് മൂന്നിന് ഓതറ ഭൂതൻകുഴിയിൽ കൊണ്ടുപോയി പാറക്കെട്ടിനു സമീപം വെച്ച് ദേഹത്തു കയറിപിടിച്ച് ലൈംഗിക അതിക്രമം കാട്ടി. ഇത് തടഞ്ഞ യുവതിയെ അരുവിക്കുഴിയിൽ വെച്ച് നടന്ന സംഭവം കൂട്ടുകാരോട് പറയുമെന്ന് ഭീഷണിപെടുത്തി ബലമായി ലൈംഗികവേഴ്ച്ചക്ക് വിധേയയാക്കി. തുടർന്ന് ഈ വർഷം ജനുവരി നാലിന് ഇൻസ്റ്റഗ്രാം വഴി യുവതിയുടെ നഗ്നചിത്രങ്ങൾ അയച്ചുവാങ്ങി. പിന്നീട് സൗന്ദര്യവും സാമ്പത്തികവും പോരാ എന്ന് പറഞ്ഞു ബന്ധത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു. തുടർന്ന് യുവതിയുമായുള്ള സാമൂഹികമാധ്യമ ബന്ധങ്ങൾ ബ്ലോക്ക് ചെയ്യുകയും ചെയ്തു.
സംഭവത്തിൽ ആറന്മുള പോലീസ് സീറോ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അയച്ചുനൽകിയതിനെതുടർന്ന് കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിനെ താമസസ്ഥലത്തുനിന്നും ഇന്നലെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. ഇന്ന് രാവിലെ 11 ന് അറസ്റ്റ് രേഖപ്പെടുത്തി. യുവതിയെയും വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും മറ്റ് നിയമനടപടികൾ കൈക്കൊള്ളുകയും ചെയ്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കി. എസ് ഐ ഗോപകുമാർ, എ എസ് ഐ ഷിബു രാജ്, എസ് സി പി ഓ മാരായ ജോബിൻ ജോൺ, ശബാന, അഭിലാഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.