റാന്നി: നാട്ടിലെ കൊക്കോ കർഷകരുടെ പ്രതീക്ഷക്ക് തിരിച്ചടിയായി കൊക്കോവില കൂപ്പുകുത്തി. ഉണങ്ങിയ കൊക്കോ അരിക്ക് കിലോഗ്രാമിന് 1000 മുതല്‍ 1200 രൂപ വരെ ഉയർന്ന ശേഷമാണ് ഇപ്പോൾ 200-250 രൂപക്ക് കച്ചവടം നടക്കുന്നതെന്ന് കർഷകർ പറയുന്നു. ഒരുഘട്ടത്തിൽ പച്ച കൊക്കോ കുരുവിന് ലഭിച്ച വില മാത്രമെ ഇപ്പോൾ ഉണക്കൽ കുരുവിന് ലഭിക്കുന്നുള്ളു. കൊക്കോക്ക് ഈ മഴക്കാലം മോശം സമയമാണെന്നും കർഷകരിൽ നിന്നും ലഭിക്കുന്ന ഉണങ്ങിയ കൊക്കോ അരി പോലും നിറമില്ലാത്തതും തിരികടയുമാണെന്നാണ് വ്യാപാരികൾ പറയുന്നത്. ഹൈറേഞ്ച് മണ്ണിലെ ഒന്നാം തരം കൊക്കോ കുരുവിന് പോലും 250-350 രൂപയാണ് കൃഷിക്കാരന് ലഭിക്കുന്നതെന്നും വ്യാപാരികൾ പറയുന്നു. രണ്ടു മാസങ്ങൾക്കു മുമ്പ് കൊക്കോ അരിക്ക് മോഹവിലയാണ് കർഷകർക്ക് ലഭിച്ചത്.
കിലോ ഗ്രാമിന് 800 മുതൽ 1000 രൂപ വരെ നിരവധി കർഷകർക്ക് ലഭിച്ചിരുന്നു. എന്നാൽ ആ വിലക്ക് അധിക കാലം ആയുസുണ്ടായില്ല. വില ഉയരുന്നതു കണ്ട് നിരവധി പേരാണ് റബർ ഉൾപ്പെടെയുള്ള മറ്റു വിളകൾ ഉപേക്ഷിച്ച് വീണ്ടും കൊക്കോ കൃഷിയിലേക്ക് തിരിഞ്ഞത്. ആയിരം വരെയുള്ളത് സ്ഥിരം വിലയാവില്ലെന്ന് മിക്കവർക്കും അറിയാമായിരുന്നെങ്കിലും കിലോഗ്രാം വില 400 ൽ താഴാറില്ലെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അതെല്ലാം ഇപ്പോൾ തകിടം മറിഞ്ഞിരിക്കുകയാണ്. റബർ വിപണി ഉണർന്നപ്പോൾ കൊക്കോവില തീർത്തും കൂപ്പുകുത്തിയത് മലയോര മേഖലയിലെ നിരവധി കർഷക കുടംബങ്ങളുടെ പ്രതീക്ഷയാണ് തല്ലിക്കെടുത്തിയിരിക്കുന്നത്. മലയണ്ണാനും അണ്ണാനും കാട്ടുപക്ഷികളുമെല്ലാം പാകമാകുന്നതിനു മുമ്പു വൻ തോതിലാണ് കൊക്കോവിള നശിപ്പിക്കുന്നത്.
മലയണ്ണാനും കുരങ്ങും കായ്കൾ അപ്പാടെ പറിച്ചു കൊണ്ടുപോയി നശിപ്പിക്കുമ്പോൾ കൂട്ടത്തോടെ എത്തുന്ന അണ്ണാറക്കണ്ണൻമാർ മൂപ്പെത്തുന്നതിനു മുമ്പെ പച്ച കായ്കൾ തുരന്ന് ഉള്ളിലെ ഫലം നശിപ്പിക്കുകയാണ്. ഇതിനിടയിൽ വീണു കിട്ടുന്ന ആദായം മാത്രമെ കർഷകനു ലഭിക്കുന്നുള്ളൂ. കാർഷിക വിളകളുടെ വിലയിലെ വലിയ ചാഞ്ചാട്ടം മൂലം ജീവനോപാദിക്ക് ഏതു തരം കൃഷിയെ ആശ്രയിക്കുമെന്നറിയാതെ നട്ടംതിരിയുകയാണ് മലയോര മേഖലയിലെ വലിയൊരു വിഭാഗം വരുന്ന സാധാരണ കർഷകർ. കുരുമുളകും കാപ്പിയും അടക്കയും തീർത്തും താഴ്ന്നു പോകാത്ത വിലയിൽ നിൽക്കുമ്പോൾ കൊക്കോവില അഞ്ചിലൊന്നായി കുറയുകയായിരുന്നെന്നാണ് കൊക്കോ കർഷകരുടെ വിലാപം. കൊക്കോക്ക് മോശമല്ലാത്ത സ്ഥിര വിലകൾ ലഭിക്കാൻ സർക്കാർ തലത്തിലോ കർഷക സംഘടനാ തലത്തിലോ നടപടിയുണ്ടാവണമെന്നാണ് കർഷകരുടെ ആവശ്യം.