കോന്നി : മലയോര മേഖലയിലെ പ്രധാന കാർഷിക വിളയായ കോലിഞ്ചിക്ക് വിലയിടിഞ്ഞത് കർഷകരെ സാരമായി ബാധിച്ചു. മുൻ വർഷങ്ങളിൽ 11 കിലോ ഉണങ്ങിയ കോലിഞ്ചിക്ക് 1500 രൂപയോളം വില ലഭിച്ചപ്പപ്പോൾ 900 രൂപ മാത്രമാണ് നിലവിൽ ലഭിക്കുന്നത്. ജോലിക്ക് ആളുകളെ വെച്ച് കോലിഞ്ചി വിളവെടുത്താൽ തൊഴിലാളികളുടെ കൂലിക്ക് ശേഷം തുച്ഛമായ പണം മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്.
തണ്ണിത്തോട്, തേക്കുതോട്, മണ്ണീറ, ചിറ്റാർ, സീതത്തോട്, കൊക്കാത്തോട് തുടങ്ങി മലയോര മേഖലയിലെ നിരവധി കർഷകർ ആണ് കോലിഞ്ചിയിൽ നിന്നും പ്രധാന വരുമാനം കണ്ടെത്തുന്നത്. മഴ ആരംഭിച്ച് ജൂൺ, ജൂലായ് മാസങ്ങളിൽ ആണ് കോലിഞ്ചി കൃഷി ചെയ്യുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങൾ ആണ് കോലിഞ്ചി വിളവെടുക്കുന്ന കാലം.
കൃഷി ചെയ്ത് മൂന്നാം വർഷമാണ് കോലിഞ്ചി വിളവെടുപ്പ് നടത്തുന്നത്. കോലിഞ്ചി കൃഷിക്ക് ചിലവ് കുറവാണെങ്കിലും പാകമായ കോലിഞ്ചി കിളച്ച് ചുരണ്ടി നല്ല വെയിലിൽ ഉണക്കി പാകപ്പെടുത്തി വില്പനക്ക് എത്തിക്കുമ്പോൾ ചിലവ് ഏറെയാണ്. വേര് ചെത്തിയതിന് ശേഷമാണ് പുറം തൊലി കളയുന്നത്. ഈ പ്രക്രീയക്ക് കോലിഞ്ചി കർഷകന് മറ്റ് തൊഴിലാളികളെയും ആവശ്യമാണ്. വേരുകൾ ചെത്തി ഒരുക്കി എടുക്കുന്ന കോലിഞ്ചി കുറഞ്ഞത് പത്ത് ദിവസമെങ്കിലും വെയിലിൽ ഉണക്കി എടുക്കണം. മലയോര ഗ്രാമങ്ങളിൽ വന മേഖലയോട് ചേർന്ന് നല്ല വഴിൽ ലഭിക്കുന്ന പാറ പുറങ്ങളിലും മറ്റുമാണ് കോലിഞ്ചി ഉണക്കാൻ ഇടുന്നത്. രൂക്ഷ ഗന്ധമുള്ളതിനാൽ കീടങ്ങളുടെയും വന്യ മൃഗങ്ങളുടെയും ആക്രമണവും പേടിക്കേണ്ടതില്ല.