കൊല്‍ക്കത്ത: രാജ്യത്തെ ഞെട്ടിച്ച ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവ ഡോകടർ ക്രൂരമായി പീഡിപ്പിച്ച് കൊല ചെയ്യപ്പെട്ട സംഭവത്തിലെ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. വിധി പ്രസ്താവിച്ചത് കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയായ അനിര്‍ബന്‍ ദാസാണ്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടടക്കി വെള്ളിയാഴ്ച്ച കണ്ടെത്തിയിരുന്നു. തുടർന്ന് വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പ്രതിയാക്കിയതാണെന്നുമായിരുന്നു സഞ്ജയ് റോയ് വാദിച്ചത്. ഇയാൾക്ക് മാനസാന്തരത്തിന് സമയം നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന സി ബി ഐ വാദം കോടതി തള്ളി. അത്തരത്തിലുള്ള ഒരു കേസല്ലെന്നും പ്രതി മരണം വരെ ജയിലിൽ തുടരണമെന്നും കോടതി ഉത്തരവിട്ടു.
സംസ്ഥാനത്തിനാണ് പെൺകുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഡോക്ടറുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ബംഗാൾ സർക്കാരിനോട് നിർദേശിച്ചു. എന്നാൽ കുടുംബം ഇത് നിരസിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. പി ജി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 2024 ഓഗസ്റ്റ് 9നാണ്. പത്തിനാണ് പ്രതിയായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തത്. കേസിൽ ആകെ 50 പേരുടെ സാക്ഷിമൊഴികൾ ആണുണ്ടായിരുന്നത്. 2025 ജനുവരി 9-ന് വിചാരണ പൂർത്തിയാക്കിയിരുന്നു. കേസിൽ വിധി പറയുന്നത് 5 മാസങ്ങൾക്ക് ശേഷമാണ്. സുപ്രീംകോടതിയും ഹൈക്കോടതിയുമടക്കം നിർണ്ണായക ഇടപെടൽ നടത്തിയ കേസാണിത്.