കൊച്ചി :കൊല്ലം ബൈപാസില്‍ ടോള്‍ പിരിക്കുമെന്ന് കാട്ടി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി സംസ്ഥാനത്തിന് കത്തയച്ചു. നാലുപതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷമാണ് റോഡ് പണിപൂര്‍ത്തിയായത്. കൊല്ലം ബൈപ്പാസിന്റെ പേരില്‍ ടോള്‍ പിരിവ് വേണ്ടന്ന് ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. യുഡിഎഫ് ഭരണകാലത്ത് തുടങ്ങിവെച്ച കൊല്ലം ബൈപ്പാസിന്റെ പണി പൂര്‍ത്തീകരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
നിര്‍മ്മാണം തുടങ്ങിയ സമയത്ത് കേന്ദ്രസര്‍ക്കരുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണച്ചെലവിന്റെ പകുതി കേന്ദ്രവും പകുതി സംസ്ഥാനവും വഹിക്കാം എന്നതായിരുന്നു വ്യവസ്ഥ. റോഡിന്റെ പണി പൂര്‍ത്തീകരിക്കുന്നതിനോടനുബന്ധിച്ചു തന്നെ ടോള്‍ബൂത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ടോള്‍ പിരിക്കുന്നത് സംബന്ധിച്ച് പ്രാദേശിക തലത്തില്‍തന്നെ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. കൊല്ലത്തിന്റെ എംപി അടക്കം ടോള്‍ പിരിവിനെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് ടോള്‍ പിരിവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു.
എന്നാല്‍ ടോള്‍ പിരിവ് ഉടന്‍ ആരംഭിക്കണമെന്ന് കാണിച്ച് കഴിഞ്ഞ സെപ്തംബറില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം കത്തുനല്‍കി. കരാറുപ്രകാരം ടോള്‍ പിരിവ് നടത്തുവാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ നടപടി ഉടനുണ്ടാവില്ല എന്നാണ് സൂചന. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ടോള്‍ പിരിവ് ആരംഭിക്കുവാനും നീക്കമുണ്ട്.