കൊല്ലം : കൊല്ലം ചടയമംഗലത്ത് ജെ ചിഞ്ചുറാണിയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ മുസ്തഫയ്ക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചു കൊണ്ടാണ് പ്രവർത്തകർ പ്രകടനം നടത്തിയത്. സംസ്ഥാന നേതൃത്വം കെട്ടിയിറക്കുന്ന സ്ഥാനാർഥിയെ പിന്തുണക്കില്ലെന്നും എ മുസ്തഫയ്ക്ക് സീറ്റ് നൽകിയില്ലെങ്കിൽ പാർട്ടി നേതാക്കൻമാർക്ക് ബാലറ്റിലൂടെ മറുപടി നൽകുമെന്നും നഗരത്തിൽ പ്രകടനം നടത്തിയ പ്രവർത്തകർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചേർന്ന സിപിഐ സംസ്ഥാന കൗൺസിലിൽ ജില്ലാ എക്സിക്യൂട്ടീവ് നൽകിയ മൂന്ന് പേരുകൾ ഒഴിവാക്കിയാണ് വനിതാ പ്രാതിനിധ്യമെന്ന നിലയിൽ ജെ ചിഞ്ചു റാണിയുടെ പേര് പരിഗണിച്ചത്. ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുൻപ് ഇന്ന് ജില്ലാ കൗൺസിലിലും എക്സിക്യൂട്ടിവും ചേർന്ന് ചിഞ്ചു റാണിയുടെ പേര് അംഗീകരിക്കുകയായിരുന്നു. സ്ഥാനാർഥിയെ സംബന്ധിച്ച് മണ്ഡലം കമ്മിറ്റികളിലും ചർച്ച ചെയ്തു. യോഗത്തിൽ ചിഞ്ചു റാണിക്ക് എതിരെ പല നേതാക്കളും എതിർപ്പ് ഉയർത്തിയെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം നടപ്പിലാക്കുകയായിരുന്നു.