കൊല്ലം : കൊല്ലം ജില്ല ആത്മഹത്യയുടെ നഗരമെന്ന് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട് പുറത്ത്. മാനസികപ്രശ്നം നിമിത്തം 130 ആളുകളാണ് കൊല്ലത്ത് സ്വയംഹത്യ നടത്തിയത്. കുടുംബപ്രശ്നം കാരണം 150 പേരും മറ്റ് രോഗങ്ങള്‍ കാരണം 26ഉം പ്രണയ നൈരാശ്യം മൂലം 26ഉം പേര്‍ ആത്മഹത്യ ചെയ്തു.
ആത്മഹത്യാ നിരക്കില്‍ സംസ്ഥാനം അഞ്ചാമതാണ്. 2019ല്‍ സംസ്ഥാനത്ത് 8,556 പേരും 2018ല്‍ 8,237 പേരും ആത്മഹത്യ ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്നത് കൊല്ലം ജില്ലയിലാണെന്നു ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ. 2019ലെ കണക്ക് പ്രകാരമാണിത്. രാജ്യത്ത് ഒരു ലക്ഷം പേരെ എടുത്താല്‍ 41.2 ശതമാനമാണ് ആത്മഹത്യാ നിരക്ക്. ആത്മഹത്യയുടെ ദേശീയ ശരാശരി 10.2 ആണെങ്കില്‍ കേരളത്തിലത് 24.3 ആണ്.
കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പ്രധാന കാരണം. 3,655 പേരാണ് ഇത്തരത്തില്‍ ജീവനൊടുക്കിയത്. മാനസിക പ്രശ്നം കാരണം 974 പേരും മറ്റ് രോഗങ്ങള്‍ കാരണം 974 പേരും മദ്യം-മയക്കുമരുന്ന് ലഹരികള്‍ക്ക് അടിമകളായ 792 പേരും കടബാധ്യത മൂലം 259 പേരും പ്രണയ നൈരാശ്യം കൊണ്ട് 230 പേരും തൊഴിലില്ലായ്മ നിമിത്തം 81 പേരും സ്വയം ജീവനെടുത്തെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കൊല്ലം കഴിഞ്ഞാല്‍ തൃശൂരാണ് ആത്മഹത്യാ നിരക്ക് കൂടുതല്‍ (21.8). അവിടെ ആത്മഹത്യ ചെയ്തവരില്‍ ഭൂരിപക്ഷവും കടക്കെണിയില്‍ പെട്ടവരാണ്. 48 പേരാണ് മരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്ളത് തൃശൂരിലായതാണ് പ്രധാന കാരണം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആത്മഹത്യാ പ്രവണത തടയാന്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ ബി ഫ്രണ്ടേഴ്സ് ഇന്ത്യ പ്രതിനിധി അഡ്വ. രാജേഷ് ആര്‍ പിള്ള പറഞ്ഞു.
സാക്ഷരതയില്‍ 100 ശതമാനം നേട്ടം കൈവരിച്ചെങ്കിലും നമുക്ക് ഇപ്പോഴും ആത്മഹത്യ മുക്തമാക്കുന്നതിനുള്ള പദ്ധതികള്‍ ഇല്ലെന്നും രാജേഷ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഒരു വര്‍ഷം 8,000 പേരാണ് ആത്മഹത്യ ചെയ്യുന്നത്. കുറേ വര്‍ഷങ്ങളായി കൊല്ലത്തും തിരുവനന്തപുരത്തും ആത്മഹത്യാ നിരക്ക് കൂടുതലാണെന്ന് മനശാസ്ത്രജ്ഞനായ ഡോ. സി.ജെ ജോണ്‍ പറഞ്ഞു. ഇതേക്കുറിച്ച് പഠനം പോലും നടത്തിയിട്ടില്ല. മാനസിക പഠനം നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാലേ എന്താണ് കാരണമെന്ന് വ്യക്തമാകൂ. കൊച്ചിയില്‍ ആത്മഹത്യാ നിരക്ക് താരതമ്യേന കുറവാണ്. അവിടെ കൂടുതല്‍ മാനസികാരോഗ്യ കേന്ദ്രങ്ങളും എന്‍.ജി.ഒകളും ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിപക്ഷം പേര്‍ക്കും മാനസിക പ്രശ്നങ്ങളുണ്ട്. ഇവര്‍ക്കെല്ലാവര്‍ക്കും സൈക്യാട്രിസ്റ്റിന്റെ സഹായം ആവശ്യമില്ല. അവരുടെ പ്രശ്നങ്ങള്‍ ക്ഷമയോടെ കേള്‍ക്കാന്‍ ആളുണ്ടായാല്‍ മതി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വോളിന്റിയേഴ്സിന്റെ എണ്ണം തീരെ കുറവാണെന്നും രാജേഷ് ആര്‍ പിള്ള പറഞ്ഞു.