കോന്നി: അച്ചൻകോവിൽ- പ്ലാപ്പള്ളി റോഡ് യാഥാർത്ഥ്യമാക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. നിയമസഭയിൽ കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
കൊല്ലം ജില്ലയിലെ അച്ചൻകോവിലിനെയും പത്തനംതിട്ട ജില്ലയിലെ പ്ലാപ്പള്ളിയേയും ബന്ധിപ്പിക്കുന്ന റോഡാണിത്. മേക്കര ,അച്ചൻകോവിൽ, കല്ലേലി, എലിയറയ്ക്കൽ, കോന്നി, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, വാലുപാറ, ആങ്ങമൂഴി എന്നീ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ റോഡിന് 104 കിലോമീറ്റർ ദൈർഘ്യമുണ്ട്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ റോഡ് തമിഴ്നാട്ടിൽ നിന്നും വരുന്ന അയ്യപ്പൻമാർക്ക് ശബരിമലയിൽ വേഗത്തിലെത്താനുള്ള പാതകൂടിയാണ്.
റോഡിന്റെ ഡീറ്റയിൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനും പൂർണ്ണ സർവ്വേയും, ഇൻവസ്റ്റിഗേഷനും വേഗത്തിൽ നടത്തുന്നതിനും അടിയന്തിര നിർദ്ദേശം നൽകും. പുനർനിർമ്മിക്കേണ്ട രണ്ട് പാലങ്ങളുടെ ഡിസൈനും തയ്യാറാക്കേണ്ടതുണ്ട്. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കിയതിനു ശേഷം കിഫ്ബിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കും. നടപടികൾ വേഗത്തിലാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കിയതായും മന്ത്രി പറഞ്ഞു.