കോന്നി : മൂന്നാം ക്ലാസ്സുകാരനെ ട്യൂഷന്‍ ടീച്ചര്‍ ക്രൂരമായി തല്ലി. മയങ്ങിക്കിടന്ന കുട്ടിയെ വീട്ടില്‍ എത്തിച്ചത് രാത്രി 10 മണിക്ക്. സ്വന്തം കുട്ടിയെ ക്രൂരമായി തല്ലിച്ചതച്ച കേസ് ഒത്തുതീര്‍പ്പിലെത്തിക്കാന്‍ മാതാവും രംഗത്ത്.
കോന്നി അട്ടച്ചാക്കല്‍ ഇന്നലെ രാത്രി നടന്ന സംഭവം ആരെയും ഞെട്ടിക്കും. കണ്ണമല സൊസൈറ്റി പടിക്കല്‍ സുരേഷ് ഭവനത്തില്‍ രാധാകൃഷ്ണന്റെ മകള്‍ ശ്രീജയുടെ കുട്ടിക്കാണ് ട്യൂഷന്‍ ടീച്ചറില്‍ നിന്നും പീഡനം ഏല്‍ക്കേണ്ടി വന്നത്. കോന്നി ഗവ.സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് എട്ടു വയസ്സുകാരന്‍ അപ്പു. സ്കൂളില്‍ നിന്നും വന്നാല്‍ എല്ലാ ദിവസവും സമീപത്തുള്ള വീട്ടില്‍ ട്യൂഷന് പോകും. വൈകിട്ട് ഏഴു മണിയോടെ അപ്പുവിന്റെ മാതാവ് ശ്രീജ ട്യൂഷന്‍ എടുക്കുന്ന വീട്ടിലെത്തി അപ്പുവിനെ കൂട്ടിക്കൊണ്ടു വരികയാണ് പതിവ്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെ അവിടെയെത്തിയ ശ്രീജയോട് ട്യൂഷന്‍ കഴിഞ്ഞില്ലെന്നും കഴിഞ്ഞാലുടനെ മകനെ വീട്ടില്‍കൊണ്ടുവന്ന് വിടാമെന്നും ട്യൂഷന്‍ ടീച്ചര്‍ പറഞ്ഞു. രാത്രി പത്തുമണിയോടെ അപ്പുവുമായി വീട്ടില്‍ എത്തിയപ്പോഴാണ് മകന്റെ ദേഹത്തെ മുറിവുകളും പാടുകളും വീട്ടുകാര്‍ കാണുന്നത്. ട്യൂഷന്‍ ടീച്ചറുടെ മര്‍ദ്ദനത്തില്‍ കുട്ടി മയങ്ങിക്കിടക്കുകയായിരുന്നു എന്നും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ട്യൂഷന്‍ ടീച്ചര്‍ തയ്യാറായില്ല എന്നും നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് രണ്ടു വീട്ടുകാരും തമ്മില്‍ വാക്കേറ്റം നടന്നു. രാത്രി തന്നെ കോന്നി പോലീസില്‍ അപ്പുവിന്റെ വീട്ടുകാര്‍ കേസും കൊടുത്തു. എന്നാല്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെട്ട് കേസ് ഒത്തുതീര്‍ക്കുവാന്‍ ശ്രമിക്കുകയാണെന്നും സമീപവാസികള്‍ പറഞ്ഞു.
ഒരു കൊച്ചു കുട്ടിയെ ക്രൂരമായി തല്ലിച്ചതച്ചിട്ടും കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കുവനാണ് കോന്നി പോലീസ് ശ്രമിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു. ഇന്ന് രാവിലെ രണ്ടു കൂട്ടരെയും സ്റ്റേഷനില്‍ വിളിപ്പിച്ചിട്ടുണ്ട്. രമ്യമായി പരിഹരിച്ചു വിടാനാണ് നീക്കം നടക്കുന്നത്. ജനമൈത്രി പോലീസെന്ന പേരില്‍ വിപുലമായ പ്രചാരണങ്ങള്‍ നടക്കുമ്പോള്‍ ഒരു കൊച്ചുകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും വളരെ ലാഘവത്തോടെയാണ് പോലീസ് ഈ കേസ് കൈകാര്യം ചെയ്യുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. പോലീസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുവാന്‍ ഇത് കാരണമാകും. ഒപ്പം സ്വന്തം കുഞ്ഞിനെ തല്ലിച്ചതച്ചവരോട് സന്ധി ചെയ്യുന്ന കുട്ടിയുടെ മാതാവിന്റെ നിലപാടും സംശയിക്കേണ്ടിയിരിക്കുന്നു.