കോന്നി: സെന്‍ട്രല്‍ ജംഗ്ഷനു സമീപത്തെ റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി. സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും ആനക്കൂട് റോഡില്‍ മാങ്കുളത്തേക്കുള്ള തിരിയുന്ന ഭാഗത്ത് റോഡ് ഇളകി കിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. പ്രശ്‌ന പരിഹാരത്തിന് ടാറിങ്ങിനു പകരം പൂട്ടുക്കട്ട വിരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇനിയും യാഥാര്‍ത്ഥ്യമാകാത്തതാണ് റോഡ് തകരാന്‍ കാരണമായത്.
ചെളി പുരളാതെയുള്ള കാല്‍നടയാത്ര പോലും സാധ്യമല്ല. ടിപ്പര്‍ ലോറികളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ഇവിടം വളവായതിനാല്‍ ഇരുവശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പരസ്‌പരം കാണാത്തത് അപകടങ്ങള്‍ക്കും ഇടവരുത്തുന്നുണ്ട്. താലൂക്ക് ആശുപത്രിയുടെ മുന്‍ഭാഗത്തെ റോഡിലും സ്‌ഥിതി ഇതുതന്നെയാണ്. കുമ്പഴ റോഡില്‍ പെട്രോള്‍ പമ്പിനിപ്പുറം റോഡിലും, പോസ്‌റ്റാഫീസ് റോഡില്‍ മാവേലി സ്‌റ്റോറിനു സമീപവും റോഡ് തകര്‍ന്നിട്ടുണ്ട്
ഇവിടെ വാട്ടര്‍ അതോറിറ്റി റോഡിനു കുറുകെ എടുത്തിട്ടുള്ള കുഴി കാലങ്ങളായി അപകടങ്ങള്‍ വരുത്തുകയാണ്. പരാതികള്‍ ഏറുമ്പോള്‍ മണ്ണിട്ട് മൂടുകയും കാലതാമസമില്ലാതെ ഈ കുഴി വീണ്ടും പഴയതുപോലെ തന്നെ രൂപപ്പെടുകയുമാണ് ചെയ്യുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. സെന്‍ട്രല്‍ ജംഗ്ഷനു സമീപത്തെ റോഡില്‍ പൂട്ടുക്കട്ട സ്‌ഥാപിച്ചും റോഡുകളിലെ കുഴികളടച്ചും അപകടങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.