കോന്നി : അച്ചൻകോവിലാറിനു കുറുകെയുള്ള ചിറ്റൂർക്കടവിൽ പാലം നിർമാണം പാതിവഴിയിൽ. നാലുവർഷമായി കാര്യമായ ഒരു പ്രവർത്തനവും നടക്കുന്നില്ല. കോന്നിയുടെ മുന്‍ എം.എല്‍.എ അടൂര്‍ പ്രകാശാണ് പാലം പണിക്ക് തുടക്കമിട്ടത്. എന്നാല്‍ കേരളത്തില്‍ ഭരണം മാറിയതോടെ കോന്നിയിലെ മിക്ക വികസന പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടു. ഉപതെരഞ്ഞെടുപ്പിലൂടെ കോന്നിയില്‍ ഇടതുപക്ഷ എം.എല്‍.എ ജയിച്ചെങ്കിലും പാലം പണി ആരംഭിച്ചില്ല. എന്നാല്‍ വാഗ്ദാനങ്ങള്‍ ഇപ്പോഴും പൂത്തുലഞ്ഞു നില്ക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് ഒന്നോ രണ്ടോ തൂണുകള്‍ കൂടി ആറ്റില്‍ സ്ഥാപിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
2015 ൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒന്‍പത് പാലങ്ങൾ പണിയുന്നതിന് വേണ്ടിയാണ് ഫണ്ട് അനുവദിച്ചത്. എന്നാൽ ഇതിൽ അഞ്ച് പാലങ്ങളുടെ പണികൾ മാത്രമേ ആരംഭിക്കാൻ കഴിഞ്ഞുള്ളൂ. ഈ പാലങ്ങളുടെ നിർമാണ ചുമതല നിർമിതി കേന്ദ്രത്തിനായിരുന്നു. നിർമിതി കേന്ദ്രം പാലം പണിയുടെ ചുമതല സ്വകാര്യ കമ്പിനിയെ ഏല്പിക്കുകയായിരുന്നു. അതിവേഗം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ബില്ല് മാറാതെ വന്നതോടെ കരാറുകാരൻ പണികൾ നിർത്തിവെയ്ക്കുകയായിരുന്നു. പിന്നീട് കരാറുകാരൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് അഞ്ച് പാലങ്ങളുടെയും പാർട്ട് ബിൽ തുകയായ 6,44,23,260 രൂപ 2017 ഓഗസ്റ്റിൽ നൽകുകയും ചെയ്തിരുന്നു. നിർമിതി കേന്ദ്രത്തിനാണ് തുക നൽകിയത്. എന്നാൽ തുക ലഭ്യമാക്കിയെങ്കിലും സർക്കാർ മാറിയതോടെ പദ്ധതി തന്നെ ഉപേഷിച്ച സ്ഥിതിയായി.
ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ എംഎൽഎ എത്തിയതോടെ ഇതേ പാലത്തിന്റെ നിർമാണത്തിനായി വീണ്ടും ഒരു കോടി രൂപയുടെ പ്രഖ്യാപനം വന്നു. നേരത്തേ പാലം പണിയാൻ 2.5 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ചെറിയ വാഹനങ്ങൾക്ക് കടന്നു പോകുന്ന തരത്തിലുള്ള പാലം നിർമിക്കാനാണ് അനുമതി നൽകിയിരുന്നത്.
ചിറ്റൂർക്കടവ് പാലം യാഥാർഥ്യമായാൽ ഇരുകരയിലുമുള്ള ജനങ്ങൾക്ക് വളരെ പ്രയോജനമാണ്. കോന്നി ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കാനും കോന്നി മെഡിക്കൽ കോളജിൽ പെട്ടെന്ന് എത്തുന്നതിനും സഹായകരമാണ്. പ്രമാടം, മലയാലപ്പുഴ, തണ്ണിത്തോട്, കോന്നി തുടങ്ങിയ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കോന്നിയിൽ എത്താതെ ചിറ്റൂർക്കടവ് പാലം വഴി വളരെ വേഗം കുമ്പഴ, പത്തനംതിട്ട പ്രദേശങ്ങളിൽ എത്താൻ സഹായിക്കുന്നതാണ് നിർദിഷ്ട പാലം. നദിയിൽ പ്രധാന തൂണുകളുടെ പണികൾ പൂർത്തിയായതിനു ശേഷമാണ് പണികൾ ഉപേക്ഷിച്ചത് . എല്ലാവർക്കും പ്രയോജനകരമായ ഒരു പദ്ധതി പാതി വഴിയിൽ തടസ്സപ്പെട്ടതിൽ കടുത്ത പ്രതിഷേധത്തിലാണ് ജനങ്ങൾ.