കോന്നി : പത്തനംതിട്ടയില്‍ ഹൈക്കോടതി അഭിഭാഷകന് എതിരായ പോക്‌സോ കേസ് അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കോന്നി ഡിവൈഎസ് പി ടി.രാജപ്പന്‍ റാവുത്തര്‍, കോന്നി എസ്എച്ച്ഒ പി.ശ്രീജിത്ത് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. പതിനേഴു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഹൈക്കോടതി അഭിഭാഷകനും അതിജീവിതയുടെ പിതൃസഹോദരിയുമാണ് പ്രതികള്‍. അഭിഭാഷന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. പിതൃസഹോദരിയെ അറസ്റ്റ് ചെയ്തിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. ആറന്മുള പോലീസ് സ്‌റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാന്‍ എത്തിയ അഭിഭാഷകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതി നല്‍കിയിട്ടും ഗൗരവത്തിലെടുക്കാതിരുന്നതിനാണ് കോന്നി ഡിവൈഎസ്പിക്കും എസ്എച്ച്ഒയ്ക്കും എതിരെ നടപടി. പെണ്‍കുട്ടിയെ കൊണ്ടുപോയ സ്ഥലം കോന്നി പോലീസ് സ്‌റ്റേഷന്റെ പരിധിയില്‍ ആയിട്ടും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാതെ എസ്എച്ചഒ ഐപിസി 366-ാം വകുപ്പ് ചുമത്താതെ കേസ് ആറന്മുള സ്‌റ്റേഷനിലേക്കു കൈമാറുകയായിരുന്നു. എസ്എച്ച്ഒയ്ക്കും ഡിവൈഎസ്പിക്കും വീഴ്ച സംഭവിച്ചുവെന്നും നടപടി എടുക്കണമെന്നും ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.