കോന്നി : കോന്നി നിയമസഭാ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസം. മണ്ഡലത്തില്‍ ഭൂരിപക്ഷം തങ്ങളാണെന്നും അതിനാല്‍ എസ്.എന്‍.ഡി.പിയില്‍ നിന്നുള്ള ആളിന് കോന്നിയില്‍ സീറ്റ് നല്‍കണമെന്നും ഈഴവ സമുദായത്തില്‍പ്പെട്ട ചില കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണം. ഈ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇവര്‍ കത്തയക്കുകയും ചെയ്തു. മാന്നാര്‍ സ്വദേശി എന്‍.ഷൈലാജിനെ കോന്നിയില്‍ മത്സരിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ അടൂര്‍ പ്രകാശിന്റെ വിശ്വസ്തന്‍ റോബിന്‍ പീറ്റര്‍ക്ക് സീറ്റ് നല്‍കണമെന്ന് മറ്റൊരുവിഭാഗവും ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.
കോന്നി മണ്ഡലത്തില്‍ 65 ശതമാനം പേര്‍ ഈഴവ സമുദായത്തില്‍പ്പെട്ടവരാണെന്നുള്ള വാദം തെറ്റാണെന്ന് കണക്കുകള്‍ നിരത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ത്തന്നെ പറയുന്നു. എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ളവര്‍ – 40 % , ക്രൈസ്തവ സഭകളുടെ പ്രാതിനിധ്യം – 40 %, മുസ്ലിം സമുദായം – 12 %, പട്ടികജാതി പട്ടികവര്‍ഗ്ഗം – 06 %, മറ്റുള്ളവര്‍ 02 %. കണക്കുകള്‍ ഇങ്ങനെയായിരിക്കെ വെറുതെ അവകാശവാദം ഉന്നയിച്ച് വോട്ടര്‍മാരുടെ ഇടയില്‍ ആശയക്കുഴപ്പവും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാക്കിയാല്‍ നേട്ടം കൊയ്യുന്നത് കോന്നിയില്‍ എല്‍.ഡി.എഫ് ആയിരിക്കുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു.
വിജയസാധ്യത നോക്കിയാണ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കേണ്ടത്. സമുദായവും ജാതിയും മാത്രം നോക്കിയാല്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ടിവരുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. മത്സരിക്കുവാന്‍ യോഗ്യതയുള്ളവര്‍ കോന്നിയില്‍ ഉള്ളപ്പോള്‍ മണ്ഡലത്തിനു പുറത്തുനിന്നുമുള്ളവരെ സ്ഥാനാര്‍ഥിയാക്കിയാല്‍ അതിന്റെ നേട്ടം സി.പി.എമ്മിനായിരിക്കും. കോന്നി മണ്ഡലത്തിലെ സീതത്തോട് സ്വദേശിയും സിറ്റിംഗ് എം.എല്‍.എയുമായ ജെനീഷ് കുമാറിന് ഭൂരിപക്ഷം കൂട്ടുവാന്‍ മാത്രമേ ഇത്തരം നടപടികള്‍ സഹായിക്കൂ എന്നും ഇവര്‍ പറയുന്നു.
കോന്നിയില്‍ അടൂര്‍ പ്രകാശ് ജയിച്ചുവന്നത് ഈഴവ വോട്ടുകള്‍കൊണ്ട് മാത്രമല്ല. സി.പി.എം ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ടവര്‍ അദ്ദേഹത്തിന് വോട്ട് നല്‍കിയതുകൊണ്ടാണ് വന്‍ ഭൂരിപക്ഷത്തില്‍ അടൂര്‍ പ്രകാശ് ജയിച്ചുവന്നിട്ടുള്ളത്. ഇതിന് ജാതിയും മതവും പറഞ്ഞ് അവകാശവാദം ഉന്നയിക്കുന്നത് നല്ലതല്ലെന്ന് യുവനിരയും മുന്നറിയിപ്പ് നല്‍കുന്നു. ഒന്നുകില്‍ ഇത്തവണ …അല്ലെങ്കില്‍ ഇനിയില്ലെന്ന് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ മനസ്സിലാക്കിക്കഴിഞ്ഞു. അതായത് ജാതിയും മതവും ഗ്രൂപ്പും കളിച്ചാല്‍ ഇനിയൊരിക്കലും ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് കണ്ണില്‍ തിമിരം ബാധിച്ച നേതാക്കളൊഴികെ എല്ലാവര്‍ക്കും അറിയാം. വിജയസാധ്യതമാത്രം മുന്‍നിര്‍ത്തി വേണം സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കേണ്ടതെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ വിജയിക്കുവാന്‍ കഴിയു എന്നും ഒരു പ്രമുഖ ഘടകകക്ഷി നേതാവ് പറഞ്ഞു.