കോന്നി : മലയോര മേഖലയിൽ വൈദ്യുതി സ്ഥിരമായി മുടങ്ങുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. മാനത്ത് മഴക്കാറു കണ്ടാല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുന്നതാണ് ഇപ്പോഴത്തെ അവസ്‌ഥ. കുട്ടികളുടെ ഓണ്‍ ലൈന്‍ പഠനവും ഇതോടെ മുടങ്ങുകയാണ്.
വൈദ്യുതി മുടക്കമാണ് നാട്ടുകാരെ ഏറെ ദുരിതത്തിലാക്കുന്നത്. കുടിവെള്ളം മുടങ്ങിയാല്‍ എങ്ങനെയും എത്തിക്കാം. എന്നാല്‍ വൈദ്യുതി പോയാല്‍ പുനഃസ്‌ഥാപിക്കണമെങ്കില്‍ വകുപ്പ് തന്നെ കനിയണം. മണിക്കൂറുകള്‍ വൈകിയാണ് പല ദിവസങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്‌ഥാപിക്കുന്നത്. ഫോണ്‍ വിളിച്ചാല്‍ വൈദ്യുതി ഓഫീസുകളില്‍ പലപ്പോഴും കിട്ടാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. പകലും രാത്രിയിലും ഒരേ പോലെ വൈദ്യുതി മുടക്കം പതിവായതിനാല്‍ വ്യാപാര വ്യവസായ മേഖലയും കടുത്ത നഷ്‌ടത്തിലാണ്. വന്യജീവികളുടെ ആക്രമണമുള്ള പ്രദേശമായതിനാല്‍ സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ പോലും ജനങ്ങള്‍ ഭയക്കുന്നു. വൈദ്യുതി ബന്ധം കൂടി ഇല്ലാതാകുന്നതോടെ ദുരിതം ഇരട്ടിയാകും.
കോന്നി ടൗണ്‍, ചൈനാമുക്ക്, ചേരിമുക്ക്, എലിയറയ്‌ക്കല്‍, എലിമുള്ളുംപ്ലാക്കല്‍, പ്രമാടം, അതുമ്പുംകുളം, പയ്യനാമണ്‍, അതിരുങ്കല്‍, തണ്ണിത്തോട്, തേക്കുതോട്, പൂങ്കാവ്, വകയാര്‍, ചെങ്ങറത്തോട്ടം തുടങ്ങിയ പ്രദേശങ്ങളിലാണ് വൈദ്യുതി മുടക്കം പതിവായിരിക്കുന്നത്. വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും വിഹാര കേന്ദ്രമാണ് ഇവയില്‍ പല സ്ഥലങ്ങളും. രാത്രിയില്‍ വൈദ്യുതി നിലച്ചാല്‍പിന്നെ അടുത്തദിവസം രാവിലെയാണ് പുന:സ്‌ഥാപിക്കുന്നത്.
ആന, പുലി, കടുവ, പന്നി, വിഷപ്പാമ്പുകള്‍ എന്നിവയുടെ സാന്നിധ്യം മലയോര മേഖലയില്‍ കൂടുതലാണ്. വഴിവിളക്കുകള്‍ കത്താത്തതിനാല്‍ രാത്രിയുള്ള യാത്രയും ബുദ്ധിമുട്ടിലാണ്. കാട്ടു പന്നിയുടെ ശല്യം രൂക്ഷമാണ്. നിരവധി ആളുകള്‍ക്ക് അടുത്തിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ഇരുട്ടു വീണാല്‍ വീട്ടുമുറ്റത്ത് പന്നികള്‍ എത്തും. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ അകത്തേക്ക് കയറുവാനോ കഴിയില്ല. വെളിച്ചമുണ്ടെങ്കില്‍ ഒരു പരിധിവരെ വീട്ടുമുറ്റത്തുനിന്നും പന്നിയെ അകറ്റാം. വൈദ്യുതി ബന്ധം മണിക്കൂറുകളോളം നിലയ്‌ക്കുന്നത് സാമൂഹിക വിരുദ്ധ ശല്യം കൂടുന്നതിനും കാരണമായിട്ടുണ്ട്.
വൈദ്യുതിമുടക്കം തുര്‍ച്ചയായതോടെ വ്യാപാര, വ്യവസായ മേഖലയും പ്രതിസന്ധിയി. ആശുപത്രികള്‍, ധാന്യം പൊടിക്കുന്ന മില്ലുകള്‍, നീതി സ്റ്റോറുകള്‍, ത്രിവേണി, സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫോട്ടോ സ്‌റ്റാറ്റ് കടകള്‍, മൊബൈല്‍ ഷോപ്പുകള്‍, ബേക്കറികള്‍, ഹോട്ടലുകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനം താറുമാറാകും. നിരവധി തവണ പരാതി പറഞ്ഞ് മടുത്തെന്നും ഇക്കാര്യത്തില്‍ വൈദ്യുതി വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.