കോന്നി : അടിയന്തിര ഘട്ടങ്ങളിൽ ജനങ്ങളുടെ സുരക്ഷക്കായി ഓടി എത്തുന്ന കോന്നി അഗ്നിരക്ഷാ സേനയുടെ ഓഫീസ് പ്രവർത്തിക്കുന്നത് കാലപഴക്കം ചെന്ന കെട്ടിടത്തിൽ. ഇരുപത്തിയഞ്ച് വർഷത്തിൽ കൂടുതൽ പഴക്കം വരുന്ന നിലവിലെ കെട്ടിടം പഴയ പോലീസ് സി ഐ കെട്ടിടത്തിന് വേണ്ടി നിർമ്മിച്ചതാണ്. എന്നാൽ കാലപഴക്കം ചെന്ന കെട്ടിടത്തിന്റെ മേൽക്കൂരയുടെ കോൺക്രീറ്റ് ഇളകി വീണുകൊണ്ടിരിക്കുന്ന സ്ഥിതിയാണ് ഉള്ളത്. ഓഫീസിന് ഉൾവശവും കോൺക്രീറ്റ് പാളികൾ ഇളകി വീഴുന്നുണ്ട്. ഫയലുകൾ വെച്ചിരിക്കുന്ന ഷെൽഫിന്റെ കോൺക്രീറ്റ് കമ്പികളും തെളിഞ്ഞുകാണാം. അഗ്നി സുരക്ഷ സംവിധാനങ്ങൾ അടക്കമുള്ള സാധന സാമഗ്രിഹികൾ സൂക്ഷിക്കുവാൻ സ്ഥലമില്ല. ലൈഫ് ജാക്കറ്റുകൾ അടക്കമുള്ളവ പുറത്ത് തൂക്കി ഇട്ടിരിക്കുന്നു. നാല്പത്തിരണ്ട് സേനാംഗങ്ങൾ ആണ് കോന്നിയിൽ ഉള്ളത്.
ദിവസവും പതിനഞ്ച് പേര് എന്ന നിലയിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആണ് ജോലി ചെയ്യുന്നത്. കലഞ്ഞൂർ, തണ്ണിത്തോട്, കോന്നി, പ്രമാടം, അരുവാപ്പുലം എന്നീ പഞ്ചായത്തുകൾ ആണ് കോന്നി ഓഫീസ് പരിധിയിൽ വരുന്നത്. വളർത്ത് ജീവികൾ അപകടത്തിൽ പെടുന്നതും തീ പിടുത്തങ്ങളും അടക്കം നിരവധി സംഭവങ്ങൾ ആണ് കോന്നി ഓഫീസ് പരിധിയിലെ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്നത്. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി കോന്നി ഫോറസ്റ്റ് ഡിവിഷന്റെ നാല്പതുസെന്റ് ഭൂമി ടോട്ടൽ അറ്റസ്റ്റേഷൻ കഴിഞ്ഞ് കിടപ്പാണ്. ഈ ഭൂമിയിൽ പുതിയ കെട്ടിടം നിർമ്മിച്ചെങ്കിൽ മാത്രമേ ഈ വിഷയങ്ങൾക്ക് പരിഹാരം കാണുവാൻ സാധിക്കുകയുള്ളൂ.