കോന്നി : നൂറ് വർഷത്തിൽ അധികം പഴക്കമുള്ള കോന്നിയുടെ ചരിത്ര സ്മാരകമായ കോന്നി ഫോറെസ്റ്റ് ഡിവിഷൻ ഓഫീസ് കെട്ടിടം കാലപഴക്കം മൂലം നശിച്ച് തുടങ്ങിയിട്ടും അറ്റകുറ്റപണികൾ നടത്തുവാൻ നടപടിയില്ല. ബ്രിട്ടീഷ് ഭരണകാലത്താണ് കോന്നി ഫോറെസ്റ്റ് ഡിവിഷൻ ഓഫീസ് കെട്ടിടവും കോന്നി ഫോറെസ്റ്റ് ഇൻസ്‌പെക്ഷൻ ബംഗ്ലാവും സ്ഥാപിക്കുന്നത്. മേൽക്കൂര തടിയിൽ നിർമ്മിച്ച് മച്ച് അടക്കമുള്ള ഓഫീസ് കെട്ടിടം ഇപ്പോൾ കാലപഴക്കം മൂലം ചോർന്ന് ഒലിക്കുന്ന അവസ്ഥയാണ്. നൂറ് വർഷത്തിൽ അധികം പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ച് നിർമ്മിക്കാതെ അത് പൈതൃക സ്വത്തായി സംരക്ഷിക്കണം എന്നാണ് വനം വകുപ്പ് ഉത്തരവിൽ പറയുന്നത്. എന്നാൽ അറ്റകുറ്റപണികൾ നടത്തുന്നതിന് തടസമില്ല. എന്നാൽ ഇത്രയധികം വർഷം പഴക്കമുള്ള കെട്ടിടം പൊളിച്ച് നിർമ്മിക്കരുത് എന്ന് കാണിച്ച് ചില സംഘടനകളും രംഗത്ത് വന്നിരുന്നു. എന്നാൽ വർഷങ്ങൾ പഴക്കമുള്ള കെട്ടിടം കാലപഴക്കം മൂലം മേൽക്കൂരയുടെ തടി പലകകൾ പലതും ചിതലരിച്ച് ഇളകി വീണ് തുടങ്ങി.
മേൽകൂര ഒരു ഭാഗം ഒടിഞ്ഞ് താഴ്ന്നതിനെ തുടർന്ന് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് താങ്ങി നിർത്തിയിരിക്കുന്നതും കാണാം. ഓഫീസ് മുറികൾ ചോർന്ന് ഒലിക്കാൻ തുടങ്ങിയതോടെ ജീവനക്കാർക്ക് ജോലി ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. മേൽക്കൂര തടി ഉപയോഗിച്ച് നിർമ്മിച്ചതിനാൽ മരപട്ടി, എലി മറ്റ് ക്ഷുദ്ര ജീവികൾ എന്നിവയുടെ ശല്യവും വർധിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ അവസ്ഥ വിവരിച്ച് ഫോറെസ്റ്റ് ചീഫ് കൺസർവേറ്റർക്ക് കോന്നി ഡി എഫ് ഒ കത്ത് നൽകുകയും ചെയ്തിരുന്നു. മേൽക്കൂരയിൽ നിന്നും വീഴുന്ന പൊടിശല്യം മൂലം ജീവനക്കാർക്ക് ശ്വാസം മുട്ടൽ അടക്കമുള്ള അസുഖങ്ങൾ പിടിപെടുന്നതായും പറയുന്നു. കേരളത്തിലെ ആദ്യത്തെ റിസേർവ് വനം ആണ് കോന്നിയിലേത്. വിവിധ ഫോറെസ്റ്റ് റേഞ്ചുകളെ ഏകോപിപ്പിക്കുന്ന പുരാതനമായ കോന്നി ഫോറെസ്റ്റ് ഡിവിഷൻ ഓഫീസ് സംരക്ഷിക്കപെടേണ്ടത് ആവശ്യമാണ്.