കോന്നി: കോന്നി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ ഇന്നലെ ആദ്യത്തെ പോസ്റ്റുമോർട്ടം നടന്നു. കുത്തേറ്റ് മരിച്ച പെരുനാട് മമ്പാറ സ്വദേശി ജിതിൻ (35 ) ന്റെ മൃതദേഹമാണ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഇന്നലെ ആദ്യം പോസ്റ്റ്മാർട്ടം ചെയ്തത്. 11:30 ന് ആരംഭിച്ച പോസ്റ്റുമോർട്ടം നടപടികൾ രണ്ടു മണിക്കൂർ കൊണ്ട് അവസാനിച്ചു. ഫോറൻസിന് മെഡിസിൻ എച്ച് ഒ ഡി ഡോ. ഡോ. സരിത, അസിസ്റ്റന്റ് പ്രൊഫസർ ഡോ. നസറിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം നടത്തിയത്. കോന്നി ഗവ. മെഡിക്കൽ കോളേജിലെ ചരിത്രത്തിലെ ആദ്യത്തെ പോസ്റ്റ്മോർട്ടമായി ഇത് മാറി.
ആധുനിക സൗകാര്യങ്ങളോട് കൂടി പ്രവർത്തന സജ്ജമായ മോർച്ചറിയിൽ ഒരുക്കിയ സംവിധാനങ്ങൾ ജില്ലാ പോലീസ് മേധാവി, കോന്നി ഡിവൈ.എസ്.പി എന്നിവരുടെ നേതൃത്വത്തിൽ മുൻപ് നേരിട്ടെത്തി പരിശോധിച്ചിരുന്നു. രണ്ട് ഫോറൻസിക് സർജൻമാരെയും സുരക്ഷ ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരെയും ഇവിടെ നിയമിച്ചിരുന്നു. മെഡിക്കൽ കോളേജ് ഫോറൻസിക് ബ്ലോക്ക് ആരോഗ്യ മന്ത്രി വീണ ജോർജ് അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു. 2.09 കോടി രൂപയാണ് ഫോറന്‍സിക് ബ്ലോക്കിന്റെ നിര്‍മാണ ചിലവ്. ഫോറന്‍സിക് വിഭാഗത്തിന്റെ ഭാഗമായ മോര്‍ച്ചറി ബ്ലോക്കില്‍ മജിസ്റ്റീരിയല്‍, പോലീസ് ഇന്‍ക്വസ്റ്റ് റൂമുകള്‍, മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള 10 കോള്‍ഡ് ചേംബര്‍, പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള നാല് ഓട്ടോപ്സി ടേബിള്‍, മെഡിക്കല്‍ ഓഫിസര്‍ റൂം, സ്റ്റാഫ് റൂമുകള്‍, റിസപ്ഷന് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ എത്തിയാൽ പോസ്റ്റ്മോർട്ടം നടപടികൾ നടത്താൻ എല്ലാ സംവിധാനവും പ്രവർത്തന സജ്ജമാണെന്നും അധികൃതർ അറിയിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആത്മഹത്യകൾ, അപകട മരണങ്ങൾ, കൊലപാതകങ്ങൾ എന്നിവയിൽ ഉൾപ്പെടുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലും എത്തിച്ചാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ഈ രണ്ട് സ്ഥലങ്ങളിലും എത്തിക്കുന്നതിനാൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകിട്ടാൻ താമസം നേരിട്ടിരുന്നു. കോന്നി മെഡിക്കൽ കോളേജിൽ മോർച്ചറി പ്രവർത്തനമാരംഭിച്ചതോടെ ഇതിന് പരിഹാരമായി.