കാടും വെള്ളച്ചാട്ടവും ഇഷ്ടമല്ലാത്തവരായി ആരുണ്ട് ? അക്കൂട്ടത്തിൽ ഒരു വെള്ളച്ചാട്ടവും കുറച്ച് ആനകളെയും കൂടി കണ്ടാലോ ? എങ്കിലിതാ ബാഗ് പാക്ക് ചെയ്തോളൂ. നവംബർ മാസത്തിൽ ഇനി യാത്രകൾ എവിടേക്ക് പോകണം എന്നാലോചിച്ച് ഒരുത്തരം കിട്ടാത്തവർക്ക് പറ്റിയ ഒരു പാക്കേജുമായി വന്നിരിക്കുകയാണ് കെഎസ്ആർടിസി. ആനന്ദവും ആവേശവും ആവോളമുള്ള ഈ യാത്ര വിതുര ബജറ്റ് ടൂറിസം സെൽ ആണ് ഒരുക്കിയിരിക്കുന്നത്.ആനയും വഞ്ചിയും കാനനയാത്രയും’ എന്നു പേരിട്ടിരിക്കുന്ന ഈ യാത്രയിൽ ഇതുമാത്രമല്ല ഇതിലധികം കാഴ്ചകളും ഇടങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരൊറ്റ ദിവസത്തെ യാത്രയിൽ തൂക്കുപാലവും കുട്ടവഞ്ചി യാത്രയും ഒരു ആനത്താവളവും പിന്നെ ഒരു വെള്ളച്ചാട്ടവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ സ്ഥലം ഏതാണെന്ന് പിടികിട്ടിയിട്ടുണ്ടാകുമല്ലേ. അതേ. കേരളത്തിലെ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായ കോന്നി-കുംഭാവുരുട്ടി ഉല്ലാസയാത്രയാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. 2023 നവംബർ 25 ശനിയാഴ്ച്ച രാവിലെ 5.00 മണിക്ക് വിതുര കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന യാത്രയിൽ പുനലൂർ തൂക്കുപാലം, കോന്നി ആനത്താവളം, അടവി കുട്ടവഞ്ചി യാത്ര, കുംഭാവുരുട്ടി വെള്ളച്ചാട്ടം എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്.
പുനലൂർ തൂക്കുപാലം
പുനലൂർ തൂക്കുപാലം കൊല്ലത്തെ ചരിത്രപ്രസിദ്ധമായ കാഴ്ചകളിലൊന്നാണ്. പുനലൂരിൽ കല്ലടയാറിന്‍റെ രണ്ടു കരകളെ തമ്മിൽ ബന്ധിപ്പിച്ച് നിർമ്മിച്ച പാലം 19-ാം നൂറ്റാണ്ടിൻറെ അവസാനത്തോടെയാണ് പൂർത്തികുന്നത്. 2212 ദിവസം എടുത്താണ് പാലം പൂർത്തിയാക്കിയത്. ഒടുവിൽ തേക്കിൻ തടിയിൽ നിർമ്മിച്ച ഇതിന്‍റെ ശക്തി തെളിയിക്കാൻ ആറ് ആനകളെ പാലത്തിന് മുകളിലൂടെ നടത്തിയെന്നാണ് ചരിത്രം പറയുന്നത്. ഇന്ന് പുനലൂരിന്റെ സാംസ്കാരിക കാഴ്ചകളിലൊന്നാണിത്. അടവി കുട്ടവഞ്ചി യാത്ര ആനവണ്ടി യാത്രയില്‍ സാഹസികത ആഗ്രഹിക്കുന്നവർ ക്കുള്ളതാണ്. കാടിനു നടുവിലൂടെ മരക്കൂട്ടങ്ങളെയും മരച്ചില്ലകളെയും പിന്നിട്ടുള്ള യാത്ര കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ രസിക്കുന്ന യാത്രയാവും. അടവി ഇക്കോ ടൂറിസം സെന്‍ററിന്‍റെ ഭാഗമായണ് ഈ കുട്ടവഞ്ചി യാത്ര സംഘടിപ്പിക്കുന്നത്. ആനകളുടെ ലോകം നേരിട്ട് ചെന്ന് പരിചയപ്പെടാൻ ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് കോന്നി ആനക്കൂട് സന്ദർശനം.
ആനകളെ വളർത്തുന്നതും അവരുടെ ദിനചര്യകളും ജീവിതവും ഒക്കെ ഇവിടെ നേരിട്ട് കണ്ട് മനസ്സിലാക്കാം. ഒപ്പം ആന മ്യൂസിയവും ഇവിടെ ഉണ്ട്. ആനയൂട്ട്, ആനസവാരി തുടങ്ങിയ കാര്യങ്ങളും ഇവിടെ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു. ഇത് കൂടാതെ കൊല്ലത്തെ കുംഭാവുരുട്ടി വെള്ളച്ചാട്ടവും യാത്രയിൽ സന്ദർശിക്കും. കൊല്ലം ജില്ലയിലെ ഏറ്റവും പേരുകേട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന കുംഭാവുരുട്ടി വെള്ളച്ചാട്ടം. 630 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. ഭക്ഷണം, പ്രവേശനഫീസ് തുടങ്ങിയ കാര്യങ്ങളുടെ ചെലവ് യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും സീറ്റ് ബുക്ക് ചെയ്യുന്നതിനും കോർഡിനേറ്റർ ഹരികുമാർ : +91 9496650304