കോന്നി : ജില്ലയിൽ ലോക്ക് ഡൗണില്‍ ഇളവുകൾ നൽകിയപ്പോൾ ജനങ്ങള്‍ കൂട്ടത്തോടെ നിരത്തിലേക്ക് ഇറങ്ങി. സർക്കാർ മാർഗനിർദേശങ്ങൾ മറികടന്നാണ് ഇന്ന് കോന്നിയില്‍ ജനം കൂടിയത്. തുടര്‍ന്ന് പോലീസും നടപടികള്‍ ശക്തമാക്കി.
രേഖകളും സത്യവാങ്മൂലവുമില്ലാതെ അറുപതിലധികം വാഹനങ്ങളാണ് ഇന്ന് കോന്നി പൊലീസ് പിടിച്ചെടുത്തത്. കടകളിലും മറ്റും സാധനങ്ങൾ വാങ്ങുവാൻ എത്തിയവർ ഉൾപ്പെടെ നിരവധി പേരാണ് രാവിലെ മുതൽ നഗരത്തിൽ കറങ്ങിയത് . പത്തനംതിട്ട, പുനലൂർ, അട്ടച്ചാക്കൽ, തണ്ണിത്തോട്, പൂങ്കാവ് തുടങ്ങി പല ഭാഗങ്ങളിൽ നിന്നും എത്തിയ വാഹനങ്ങൾ കോന്നി സെൻട്രൽ ജംഗ്ഷനിൽ പരിശോധിച്ചതിന് ശേഷമാണ് പോലീസ് കടത്തി വിട്ടത്. കൃത്യമായ രേഖകളില്ലാതെയും ലോക്ക് ഡൗൺ ലംഘിച്ചും നിരത്തിലിറങ്ങിയ അറുപതോളം വാഹനങ്ങളും കോന്നി പോലീസ് പിടിച്ചെടുത്തു. ഇരുചക്ര വാഹനങ്ങളാണ് പിടിച്ചെടുത്തവയിൽ ഏറെയും. കാറുകളും മറ്റ് സ്വകാര്യ വാഹനങ്ങളും ഒട്ടും പിന്നിലല്ല.
ജനങ്ങൾ പൊതു നിരത്തുകളിൽ ഇറങ്ങുമ്പോൾ മാസ്കുകൾ കൃത്യമായും ധരിച്ച് വേണം പുറത്തിറങ്ങാനെന്ന സർക്കാർ നിർദ്ദേശവും പലയിടങ്ങളിലും ലംഘിക്കപ്പെട്ടു. ഇരുചക്ര വാഹനയാത്രക്കാർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്ത സംഭവങ്ങളും കുറവല്ല. പലവിധ കാരണങ്ങൾ പറഞ്ഞ് നിസാര കാര്യങ്ങൾക്ക് പോലും ജനങ്ങൾ സർക്കാർ നിർദ്ദേശം അവഗണിച്ച് പുറത്തിറങ്ങിയ സംഭവങ്ങളുമുണ്ടായി. കോന്നി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകളും നിരീക്ഷണവും ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.