കോന്നി : കോന്നി മെഡിക്കല്‍ കോളജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടന തീയതി ഫെബ്രുവരി 15 ല്‍ നിന്നും പത്തിലേക്ക് മാറിയതോടെ ഒരുക്കങ്ങള്‍ ദ്രുതഗതിയിലായി. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടന തീയതി നേരത്തേയാക്കി നല്കിയതോടെ എല്ലാ ക്രമീകരണവും വേഗത്തിലാക്കാന്‍ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍ദ്ദേശം നല്‍കി.
ജോലിക്ക് എത്തിച്ചേരുന്ന ജീവനക്കാര്‍ക്ക് താമസ സൗകര്യമൊരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. മെഡിക്കല്‍ കോളജിന്റെ സമീപ പ്രദേശങ്ങളില്‍ ഹോസ്റ്റല്‍, ഹോം സ്റ്റേ സൗകര്യങ്ങള്‍ ഒരുക്കി ജീവനക്കാരെ താമസിപ്പിക്കാനാണ് പരിശ്രമിക്കുന്നത്. ഇന്നും നിരവധി ജീവനക്കാര്‍ പുതിയതായി ജോലിക്ക് ഹാജരായി. തൃശൂര്‍, കോഴിക്കോട് ഉള്‍പ്പടെയുള്ള മെഡിക്കല്‍ കോളജുകളില്‍ നിന്നാണു ജീവനക്കാര്‍ എത്തിക്കൊണ്ടിരിക്കുന്നത്.
കിടത്തി ചികിത്സാ വാര്‍ഡുകള്‍ എംഎല്‍എയും സൂപ്രണ്ടും മറ്റ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. എല്ലാ കിടക്കയ്ക്കും സമീപത്തായി രണ്ട് പ്ലഗ് പോയിന്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു പോയിന്റില്‍ എല്ലായ്പ്പോഴും വൈദ്യുതി ലഭ്യമാകുന്ന നിലയിലാണു ക്രമീകരണം. സംസ്ഥാനത്ത് ആദ്യമായി പേഷ്യന്റ് അലാം എല്ലാ കിടക്കയോടും ചേര്‍ന്നു സ്ഥാപിച്ചിട്ടുണ്ട്. വയര്‍ലെസ് ഹാന്റ് സെറ്റ് മാതൃകയിലുള്ള അലാമിന്റെ കണ്‍ട്രോള്‍ യൂണിറ്റ് രോഗി കയ്യിലെടുത്താല്‍ നഴ്സിംഗ് സ്റ്റേഷനില്‍ അറിയിപ്പ് ലഭിക്കുകയും ഉടന്‍ നഴ്സ് കിടക്കയ്ക്ക് സമീപം എത്തുന്ന നിലയിലുള്ള ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കാരുണ്യ ഫാര്‍മസിയുടെ നിര്‍മാണവും വേഗത്തില്‍ പുരോഗമിക്കുകയാണ്. കുറഞ്ഞ വിലയ്ക്ക് ഔഷധങ്ങള്‍ ലഭ്യമാക്കുന്ന കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി മെഡിക്കല്‍ കോളജിനുള്ളില്‍ തന്നെയാണു സ്ഥാപിക്കുന്നത്.
മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനത്തിനായി ഫെബ്രുവരി 10ന് വൈകിട്ട് മൂന്നിന് എത്തിച്ചേരുമെന്ന് എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ച ശേഷം ആദ്യമായാണ് ആരോഗ്യ മന്ത്രി എത്തുന്നത്.