കോന്നി : കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ കിഫ്ബി -ഐ.എഫ്.സി ഉന്നതതല സംഘം സന്ദര്‍ശനം നടത്തി. നിലവിലുള്ള മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതിനും കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുള്ള പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും മുന്നോടിയായി ചര്‍ച്ച നടത്തുന്നതിനുമായാണ് സംഘം എത്തിയത്. തിരുവനന്തപുരത്ത് നിയമസഭാ സമ്മേളന സ്ഥലത്തായതിനാല്‍ അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുമായി സംഘം ഓണ്‍ലൈനില്‍ ചര്‍ച്ചയും നടത്തി.
നിലവിലുള്ള ആശുപത്രി കെട്ടിടം നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഈ കെട്ടിടത്തില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ആവശ്യമായ ഫണ്ട് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് കിഫ്ബിയില്‍ നിന്നും നൂറു കോടി രൂപ ഉപകരണങ്ങള്‍ക്കായി അനുവദിക്കണമെന്ന് എംഎല്‍എ കിഫ്ബിയോട് അഭ്യര്‍ഥിച്ചിരുന്നു. മറ്റ് ഏജന്‍സികള്‍ ഫണ്ട് അനുവദിച്ച് നിര്‍മ്മിച്ച കെട്ടിടത്തില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ മാത്രമായി കിഫ്ബി ഫണ്ട് അനുവദിക്കാറില്ല എങ്കിലും എംഎല്‍എയുടെ ആവശ്യപ്രകാരം പ്രത്യേകമായി പരിഗണിക്കുകയായിരുന്നു.
അന്താരാഷ്ട്ര ധനകാര്യ കോര്‍പ്പറേഷന്‍ (ഐ.ഫ്.സി) സംഘം ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനായി ചില മുറികളുടെ ഘടനയില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ടു. വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച നിര്‍ദേശം എഴുതി നല്‍കുമെന്നും സംഘം പറഞ്ഞു. പുതിയതായി നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ പ്ലാന്‍ പരിശോധിച്ച സംഘം തൃപ്തി രേഖപ്പെടുത്തി. കിഫ്ബി പരിസ്ഥിതി വിഭാഗം ജനറല്‍ മാനേജര്‍ എസ്.അജിത്, ടെക്നിക്കല്‍ അസിസ്റ്റന്റ് സി.വി. മന്‍മോഹന്‍, അന്താരാഷ്ട്ര ധനകാര്യ കോര്‍പ്പറേഷന്‍ കണ്‍സള്‍ട്ടുമാരായ ഡോ. സച്ചിന്‍ വാഗ്, മിത്തില്‍ സാമന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചത്.
പ്രിന്‍സിപ്പല്‍ ഡോ.സി.എസ്. വിക്രമന്‍, സൂപ്രണ്ട് ഡോ. സജിത്കുമാര്‍, എച്ച്.എല്‍.എല്‍ ഹൈറ്റ്സ് ചീഫ് പ്രൊജക്ട് മാനേജര്‍ ആര്‍.രതീഷ് കുമാര്‍, വിവിധ വിഭാഗങ്ങളുടെ തലവന്‍മാരായ എസ്.എസ്. അശ്വനി, അനിത് കുമാര്‍, രോഹിത് ജോസഫ് തോമസ് എന്നിവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
പത്തുവര്‍ഷം മുന്‍പ് തയാറാക്കിയ പ്ലാന്‍ പ്രകാരം നിര്‍മിച്ചിട്ടുള്ള മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ ഇപ്പോഴത്തെ ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കത്തക്ക നിലയില്‍ മുറികള്‍ക്ക് മാറ്റങ്ങള്‍ ഉന്നതതല സംഘം ആവശ്യപ്പെട്ടാല്‍ അവയെല്ലാം വേഗത്തില്‍ നടപ്പാക്കുമെന്ന് അഡ്വ.കെ യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഉപകരണങ്ങള്‍ക്ക് ആവശ്യമായ 100 കോടി രൂപ കിഫ്ബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അനുകൂല സമീപനമാണ് കിഫ്ബി സ്വീകരിച്ചിട്ടുള്ളത്.
പുതിയ കെട്ടിടത്തിന്റെ നിര്‍മാണത്തോടൊപ്പം നിലവിലുള്ള കെട്ടിടത്തില്‍ ആവശ്യമായ ഉപകരണങ്ങള്‍ എത്തിക്കാനുമുള്ള പരിശ്രമമാണ് നടത്തുന്നത്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് മുടക്കം വരാതിരിക്കാന്‍ സംഘം നേരിട്ട് മറ്റ് ഉദ്യോഗസ്ഥരോടൊപ്പം സന്ദര്‍ശനം നടത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അധികം താമസിക്കാതെ തന്നെ മെഡിക്കല്‍ കോളജ് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കുക എന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.