പത്തനംതിട്ട : കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനമായി. അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ മെഡിക്കല്‍ കോളജില്‍ ഈ മാസം തന്നെ പ്രവര്‍ത്തനം ആരംഭിക്കും. കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ അടിയന്തിര ആവശ്യകത മുന്നില്‍ കണ്ടാണ് ആശുപത്രി ആധുനിക സംവിധാനങ്ങളോടെ സജ്ജമാക്കാന്‍ തീരുമാനിച്ചത്. ആശുപത്രിയിലെ സൗകര്യങ്ങള്‍ എത്രയും വേഗം വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
ആദ്യഘട്ടത്തില്‍ 120 കിടക്കകളോടു കൂടിയാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നത്. രണ്ട് ആഴ്ചയ്ക്കകം 120 കിടക്കകള്‍ കൂടി തയാറാക്കും. ആകെ 240 കിടക്കകള്‍ രണ്ടു നിലകളിലായി സജ്ജമാക്കും. എല്ലാ കിടക്കകളിലും ഓക്‌സിജന്‍ സൗകര്യം ലഭ്യമായിരിക്കും. കാഷ്വാലിറ്റിയും സജ്ജമാക്കും. ഇതിനായി 30 ലക്ഷം രൂപ ചിലവഴിക്കും. രണ്ട് ഐസിയു സജ്ജീകരിക്കാനും യോഗത്തില്‍ തീരുമാനമായി. 18 കിടക്കകളും, 12 കിടക്കകളും വീതം ഓരോ ഐസിയുവിലും ഉണ്ടാകും. 14 ഐസിയു കിടക്കകള്‍ വെന്റിലേറ്റര്‍ സൗകര്യത്തോടു കൂടിയതായിരിക്കും.
മെഡിക്കല്‍ കോളജില്‍ പുതിയ ഓപ്പറേഷന്‍ തീയറ്റര്‍ സജ്ജീകരിക്കും. ഇതിനായി 70 ലക്ഷം രൂപ എന്‍എച്ച്എമ്മില്‍ നിന്ന് അടിയന്തിരമായി ലഭ്യമാക്കും. മൈനര്‍ ഓപ്പറേഷന്‍ തീയറ്ററിന്റെ നിര്‍മ്മാണവും ഉടന്‍ പൂര്‍ത്തിയാക്കും. ഓക്‌സിജന്‍ സംഭരണത്തിനായി ലിക്വിഡ് ഓക്‌സിജന്‍ ടാങ്ക് സ്ഥാപിക്കും. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച ആംബുലന്‍സ് ലഭ്യമാകുന്നതുവരെ കോന്നി താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് വിട്ടു നല്കും. ജോലി ക്രമീകരണ വ്യവസ്ഥയില്‍ കോന്നി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ വിവിധ മെഡിക്കല്‍ കോളജുകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ എത്രയും വേഗം കോന്നിയിലേക്ക് മാറ്റി നിയമിക്കാന്‍ ഡിഎംഇയോട് അഭ്യര്‍ഥിക്കാന്‍ യോഗം തീരുമാനിച്ചു. ആശുപത്രിയിലേക്ക് കൂടുതലായി ആവശ്യം വരുന്ന ജീവനക്കാരെ എന്‍എച്ച്എമ്മില്‍ നിന്ന് നല്കുമെന്ന് ഡിപിഎം യോഗത്തെ അറിയിച്ചു.
കോവിഡ് ചികിത്സയ്ക്ക് നിയോഗിക്കുന്ന ജീവനക്കാര്‍ ആശുപത്രിയില്‍ താമസിച്ച് ജോലി ചെയ്യുന്നതിന് എട്ടു മുറികള്‍ മാറ്റിവെയ്ക്കും. ഇവിടെ ആവശ്യമായ ഫര്‍ണിച്ചര്‍ സര്‍വീസ് സംഘടനയായ കേരളാ എന്‍ജിഒ യൂണിയന്‍ വാങ്ങി നല്കാമെന്ന് അറിയിച്ചതായി സൂപ്രണ്ട് യോഗത്തില്‍ പറഞ്ഞു. ജില്ലയിലെ കോവിഡ് പ്രതിരോധരംഗത്ത് കോന്നി ഗവ. മെഡിക്കല്‍ കോളജ് നിര്‍ണായക സാന്നിധ്യമായി മാറാന്‍ പോവുകയാണെന്ന് എംഎല്‍എ പറഞ്ഞു. ഓക്‌സിജന്‍ സൗകര്യമുള്ള 240 കിടക്കകളും 30 ഐസിയു കിടക്കകളും ഉള്‍പ്പെടെ 270 കിടക്കകളാണ് തയാറാകുന്നത്. ഇതോടെ കോവിഡ് ചികിത്സയ്ക്ക് ജില്ലയിലേയും സമീപ ജില്ലകളിലേയും ആളുകള്‍ക്ക് കോന്നി ഗവ മെഡിക്കല്‍ കോളജിനെ ആശ്രയിക്കാന്‍ കഴിയുമെന്നും എംഎല്‍എ പറഞ്ഞു.
എംഎല്‍എ, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കു പുറമേ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ.എല്‍.ഷീജ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എസ്.സജിത്കുമാര്‍, എച്ച്എല്‍എല്‍ ചീഫ് പ്രൊജക്ട് മാനേജര്‍ ആര്‍. രതീഷ് കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.