കോന്നി : കോന്നി സർക്കാർ മെഡിക്കൽ കോളേജിന്റെ പ്രവർത്തന അനുമതി ദേശീയ മെഡിക്കൽ കമ്മീഷൻ തള്ളി. മെഡിക്കൽ കോളേജിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ മെഡിക്കൽ കമ്മീഷൻ പ്രവർത്തന അനുമതി നിഷേധിച്ചത്. 100 മെഡിക്കൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച് മെഡിക്കൽ കോളേജ് ആരംഭിക്കാൻ അനുമതി നൽകണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയാണ് ദേശീയ മെഡിക്കൽ കമ്മീഷൻ തള്ളിയത്.
കഴിഞ്ഞ ദിവസം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ കോന്നിയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ഇവിടെ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച് ക്ലാസുകൾ ആരംഭിക്കുവാൻ കഴിയുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ഇതിനിടെ ആണ് കേന്ദ്രം അനുമതി നിഷേധിച്ചത്. ദേശീയ മെഡിക്കൽ കമ്മീഷൻ മെഡിക്കല്‍ കോളേജ് ഇൻസ്‌പെക്ട് ചെയ്തതിന്റെ റിപ്പോർട്ടുകൾ വന്നിരുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ അപാകതകൾ പരിഹരിച്ച് പരിഹരിച്ച് കത്തയച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. 394 നിയമനങ്ങളിൽ 258 നിയമനങ്ങൾ നടന്നിട്ടുണ്ടെന്നും ബാക്കി നടന്നു വരുന്നു എന്നും ആരോഗ്യ മന്ത്രി വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.