കോന്നി : കോന്നി എം.എല്‍.എ ജെനീഷ് കുമാറും തഴഞ്ഞു. ഇനി ആരോട് സങ്കടം പറയുമെന്ന് നാട്ടുകാര്‍. കോന്നി മെഡിക്കൽ കോളേജിലേക്കുള്ള പഴയ റോഡായ വട്ടമൺ -മുളക് കൊടിത്തോട്ടം – നെടുമ്പാറ റോഡ് പൂർണമായും തകർന്ന് കിടക്കുന്ന അവസ്ഥയിലാണ്. കാൽനട യാത്രക്കാർക്ക് പോലും ഈ റോഡ് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
മെഡിക്കൽ കോളേജിന്റെ പണികള്‍ പൂർത്തീകരിക്കുവാന്‍ ആവശ്യമായ എല്ലാ സാധന സാമഗ്രികളും കൊണ്ടുപോകാന്‍ ഈ റോഡ് ആണ് ഉപയോഗിച്ചത്. ഇപ്പോള്‍ പുതിയ റോഡ് മെഡിക്കല്‍ കോളേജിലേക്ക് വന്നതോടുകൂടി ഈ റോഡ് തഴയപ്പെട്ടു. അമിതഭാരമുള്ള വാഹനങ്ങള്‍ തലങ്ങും വിലങ്ങും പോയി റോഡ് പൂര്‍ണ്ണമായി നശിച്ചു. ഇതുമൂലം ഈ പ്രദേശത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലാണ്. പെട്ടെന്ന് ഒരു ആവശ്യത്തിന് ഓട്ടോ വിളിച്ചാൽ പോലും വരാൻ വിസമ്മതിക്കുന്ന അവസ്ഥയാണ്. ഇരുചക്ര വാഹനങ്ങൾ പോലും സാഹസികമായി ഓടിക്കണം.
കോന്നി എം.എല്‍.എയോട് തങ്ങളുടെ ബുദ്ധിമുട്ടുകള്‍ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല എന്ന് പ്രദേശവാസികള്‍ പറയുന്നു. എം.എല്‍.എയുടെ പ്രത്യേക താല്‍പ്പര്യം അനുസരിച്ച് കോന്നി മണ്ഡലത്തിലെ നിരവധി റോഡുകള്‍ നവീകരിക്കുന്നതിനുള്ള തീരുമാനം കഴിഞ്ഞദിവസം കൈക്കൊണ്ടിരുന്നു. എന്നാല്‍ തങ്ങളുടെ കാര്യം എം.എല്‍.എ പൂര്‍ണ്ണമായി തഴയുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു.