കോന്നി : കോന്നി മെഡിക്കല്‍ കോളജ് റോഡില്‍ തകര്‍ന്നു കിടന്ന വട്ടമണ്‍ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു. അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 23 ലക്ഷം രൂപ വിനിയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മാണം നടത്തുന്നത്.
വട്ടമണ്‍-നെടുംപാറ റോഡ് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചിട്ടും റോഡ് തകര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു. ജില്ലാ പഞ്ചായത്തില്‍ നിന്നും റോഡ് നവീകരണത്തിന് പദ്ധതി തയാറാക്കാതിരുന്നതിനെ തുടര്‍ന്നാണ് എംഎല്‍എ ഫണ്ട് അനുവദിച്ചത്. ഭരണാനുമതിയും മറ്റു നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് അടിയന്തിരമായി നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എംഎല്‍എ സന്ദര്‍ശിച്ചു. നാലു മീറ്റര്‍ വീതിയില്‍ ഇന്റര്‍ ലോക്ക് കട്ട പാകിയാണ് റോഡ് ഗതാഗത യോഗ്യമാക്കുന്നത്. സൈഡ് കോണ്‍ക്രീറ്റും ചെയ്യും. റോഡ് നിര്‍മാണം നടക്കുന്നതിനിടയില്‍ പൈപ്പ് പൊട്ടിയത് പരിഹരിച്ചു നല്‍കാന്‍ എംഎല്‍എ നിര്‍ദേശവും നല്‍കി.
റെക്കോഡ് വേഗത്തിലാണ് റോഡ് സഞ്ചാരയോഗ്യമാക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. പകലും, രാത്രിയും ഒരുപോലെ നിര്‍മാണ പ്രവര്‍ത്തനം നടത്താനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടുകൂടി ധാരാളം വാഹനങ്ങള്‍ ഈ പ്രദേശത്തേയ്ക്ക് എത്തും. കെഎസ്ആര്‍ടിസി ബസുകളും തുടര്‍ച്ചയായി സര്‍വീസ് നടത്തും. നിലവിലെ റോഡിന്റെ അവസ്ഥ ഗതാഗതത്തിന് വലിയ തടസമുണ്ടാക്കുന്ന നിലയിലായിരുന്നു. അതിനാലാണ് അടിയന്തിരമായി ഫണ്ട് അനുവദിച്ചതും നാലു ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും എംഎല്‍എ പറഞ്ഞു.