കോന്നി : നെടുമ്പാറയിലെ കോന്നി മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ഉന്നതതല സംഘം മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചു. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെയും മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടറുടെയും സാന്നിധ്യത്തില്‍ അവലോകനയോഗം ചേര്‍ന്നു. മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സംഘം തൃപ്തി രേഖപ്പെടുത്തി. ആഗസ്റ്റില്‍ ഒപി പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള പരിശോധനയാണ് സംഘം നടത്തിയത്.
ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ ആഗസ്റ്റില്‍ ഒപി ആരംഭിക്കാന്‍ കഴിയും. പരിസ്ഥിതി അനുമതി ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ജീവനക്കാരുടെ ആവശ്യകത സംബന്ധിച്ച റിപ്പോര്‍ട്ട് സംഘം ഡിഎംഇയ്ക്ക് സമര്‍പ്പിക്കും. ഇതോടെ ആവശ്യമായ തസ്തികയുടെ അനുമതി തേടിയുള്ള ഫയല്‍ സര്‍ക്കാരിലേക്ക് അയയ്ക്കും. പൂര്‍ത്തിയായ പ്രവര്‍ത്തികളുടെ കമ്മീഷനിംഗ് ജൂലൈ മാസത്തില്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. എ.സി പ്ലാന്റ്, ട്രാന്‍സ്ഫോര്‍മര്‍, ഡി.ജി സെറ്റ് ഉള്‍പ്പടെയുള്ളവയുടെ കമ്മീഷനിങ്ങാണ് നടക്കുക. നിര്‍മാണം പൂര്‍ത്തിയായ ഒപി വിഭാഗം, 10 വാര്‍ഡുകള്‍, വിശ്രമമുറികള്‍, ടോയ് ലെറ്റ് തുടങ്ങിയവ സംഘം സന്ദര്‍ശിച്ചു. ക്ലാസ് റൂമുകളും ലിഫ്റ്റും ഉള്‍പ്പെടെ പൂര്‍ത്തിയായ നിര്‍മ്മാണങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണെന്ന് സംഘം വിലയിരുത്തി.
രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സ്ഥലവും കോളജ് മന്ദിരവും സംഘം സന്ദര്‍ശിച്ചു. ഒപി തുടങ്ങുന്നതിന് ആവശ്യമായ അന്തിമ തീരുമാനം എടുക്കുന്നതിനായി ജൂലൈ രണ്ടിന് തിരുവനന്തപുരത്ത് യോഗം ചേരാനും തീരുമാനമായി. ഡിഎംഇ വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗത്തില്‍ എംഎല്‍എയും പങ്കെടുക്കും. ഡപ്യൂട്ടി ഡിഎംഇ ഡോ.തോമസ് മാത്യു, മെഡിക്കല്‍ കോളജ് സ്പെഷല്‍ ഓഫീസര്‍ ഡോ.ജയകുമാര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.സജിത്ത്, പുതിയതായി നിയമിതനായ കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വിക്രമന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.