കോന്നി: ക്ഷേത്രത്തിന് പൂമാല മുതൽ മരുന്നും, ഭക്ഷണവും വരെ ആവശ്യപ്പെട്ട കോന്നിയിലെ ജനങ്ങൾക്ക് കൈത്താങ്ങായി കോന്നി എം.എൽ.എ. ജെനീഷ് കുമാറും യുവ വോളന്റിയർമാരും.
കോന്നി നിയോജക മണ്ഡലത്തിലെ ജനങ്ങൾക്കായി കെ.യു.ജനീഷ് കുമാർ എം.എൽ.എ ആരംഭിച്ച ‘ കൈത്താങ്ങ് ‘പദ്ധതിയ്ക്ക് തുടക്കത്തിൽ തന്നെ വൻ സ്വീകാര്യത.
കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി വീടുകളിൽ കഴിയുന്നവർക്ക് നിത്യോപയോഗ സാധനങ്ങൾ, മരുന്ന്, ഭക്ഷണം തുടങ്ങിയവ ശേഖരിക്കാൻ പുറത്തേക്ക് വരുന്ന സാഹചര്യം ഒഴിവാക്കാനാണ് എം.എൽ.എ കൈത്താങ്ങ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലേയും പൊതുജനങ്ങൾക്ക് എം.എൽ.എ ഓഫീസിലെ ഹെൽപ്പ് ഡസ്കിലേക്ക് വിളിച്ച് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ ,മരുന്ന്, ഭക്ഷണം തുടങ്ങിയവ ആവശ്യപ്പെടാൻ കഴിയും. ഫോണിൽ വിളിച്ച് ഒരു മണിക്കൂറിനകം എം.എൽ.എ ഏർപ്പെടുത്തിയിട്ടുള്ള വോളന്റിയർമാർ ആവശ്യപ്പെട്ട സാധനം വീടുകളിൽ എത്തിച്ചു നല്കും.
പദ്ധതിയുടെ ആദ്യ ദിവസമായ ഇന്നലെ 10 മണി മുതൽ 4 മണി വരെ 267 ആളുകളാണ് ഫോണിൽ ആവശ്യങ്ങളുമായി വിളിച്ചത്. നിത്യോപയോഗ സാധനങ്ങൾ കോന്നിയിലെ വ്യാപാരികൾ അറിയിക്കുന്ന ഉടൻ തന്നെ ബിൽ സഹിതം വോളന്റിയർമാർക്ക് കൈമാറും. വീടുകളിൽ എത്തുന്ന വോളന്റിയർമാർ ആരോഗ്യ വകുപ്പ് നിർദ്ദേശം പൂർണ്ണമായും പാലിക്കുന്നു. വോളന്റിയർമാർ ബിൽ നല്കി വീട്ടുടമയിൽ നിന്ന് പണം വാങ്ങും. ബിൽ തുക മാത്രമേ വാങ്ങുന്നുള്ളു. വീട്ടിലെത്തിക്കുന്ന സേവനം സൗജന്യമാണ്. വോളന്റിയർമാരായി പ്രവർത്തിക്കുന്ന യുവാക്കൾ സ്വന്തം ചെലവിൽ പെട്രോൾ വാങ്ങി തികച്ചും സൗജന്യമായാണ് എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരം സാധനങ്ങൾ എത്തിച്ചു നല്കുന്നത്.
മരുന്നിനായി ധാരാളം ആളുകൾ കുറിപ്പടി വാട്സ് ആപ്പിൽ അയയ്ക്കുന്നു. പത്തനാപുരം, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രിയിൽ എത്തിയും മരുന്ന് വാങ്ങി നല്കി. നീതി മെഡിക്കൽ സ്റ്റോറിൽ നിന്നാണ് കൂടുതൽ മരുന്നുകളും വാങ്ങുന്നത്. അവിടെ ലഭ്യമല്ലാത്ത മരുന്നുകൾ പുറത്തു നിന്നും വാങ്ങും. നീതി മെഡിക്കൽ സ്റ്റോറിനെ ആശ്രയിക്കുന്നതു കൊണ്ട് ജനങ്ങൾക്ക് വില കുറച്ച് മരുന്നും ലഭിക്കുന്നു.
ഉച്ചഭക്ഷണം ആവശ്യപ്പെട്ട് 6 പേർ വിളിച്ചു. അവർക്ക് പൊതിച്ചോർ സൗജന്യമായി എത്തിച്ചു കൊടുത്തു. ഉച്ച ഭക്ഷണം ആവശ്യമുള്ളവർ രാവിലെ തന്നെ അറിയിക്കണം എന്ന് എം.എൽ.എ ഓഫീസ് അറിയിച്ചു. കൂടൽ ദേവീക്ഷേത്രം ഭാരവാഹികൾ വിളിച്ച് ആവശ്യപ്പെട്ടത് 10 പൂമാലയാണ്. വോളന്റിയർമാർ അതും ക്ഷേത്രത്തിൽ എത്തിച്ചു നല്കി.
എല്ലാ പഞ്ചായത്തിലും എം.എൽ.എ സേവന സന്നദ്ധരായ 5യുവാക്കളെ വീതമാണ് ഈ പദ്ധതിയുടെ പ്രവർത്തനത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. പദ്ധതി നടപ്പിലായതോടെ ജനങ്ങൾ വീടുവിട്ട് പുറത്തിറങ്ങുന്നതിനും കുറവു വന്നിട്ടുണ്ട്. സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ പുറത്തിറങ്ങുന്നതുമൂലം സർക്കാർ നിർദ്ദേശപ്രകാരമുള്ള നടപടികൾ കർശനമാക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നതായി പോലീസ് ഉദ്യോഗസ്ഥരും എം.എൽ.എയെ ധരിപ്പിച്ചിരുന്നു.തുടർന്നുള്ള ദിവസങ്ങളിലും കൈത്താങ്ങ് പദ്ധതി കോന്നി നിയോജക മണ്ഡലത്തിൽ സജീവമായി നടപ്പിലാക്കുമെന്നും, സഹായം ആവശ്യമുള്ളവർക്ക് 24 മണിക്കൂറും വിളിക്കാമെന്നും എം.എൽ.എ പറഞ്ഞു.