പത്തനംതിട്ട: ദുരന്തമുഖത്ത് വ്യത്യാസങ്ങളും വേർതിരിവുകളും ഇല്ലാതെ ഒന്നിച്ച് ഒരു മനസ്സോടെ കൈയ് മെയ്യ് മറന്ന് പണിയെടുത്തവരാണ് കേരളത്തിലെ ഒരുപറ്റം മനുഷ്യർ. ജാതിയുടെയോ മതത്തിന്റെയോ ആശയത്തിന്റെയോ എല്ലാവിധ ഭാരങ്ങളെയും ചുരത്തിനു കീഴെ വെച്ചിട്ടാണ് വയനാട്ടിലേക്ക് ഇവരൊക്കെ ചെന്നു കയറിയത്. നേരിടാൻ സാധ്യതയുള്ള എല്ലാ പ്രതിസന്ധികളെയും മുന്നിൽ കണ്ടുകൊണ്ട് സ്വയം സമർപ്പിച്ചു കൊണ്ടാണ് രാത്രിയും പകലും അവരെല്ലാവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത ഐക്യം ഈ ദിവസങ്ങളിൽ രക്ഷാപ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായി. രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന ഒരു സമീപന രീതി സ്വീകരിച്ച ആളുകളെയാണ് കോന്നി എംഎൽഎ ജനീഷ് കുമാർ അങ്ങേയറ്റം അവഹേളിച്ചുകൊണ്ട് അപമാനിച്ചിരിക്കുന്നത്.
ഒരു യുവജന നേതാവ് എന്നതിലുപരി കേരള നിയമസഭയിലെ ഒരു അംഗം എന്ന രീതിയിൽ തീർത്തും ദൗർഭാഗ്യകരവും അപക്വപരവുമായ ഒരു പ്രസ്താവനയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും സോഷ്യൽ മീഡിയയിലൂടെ ഉണ്ടായിട്ടുള്ളത്. മഴയത്തും വഴിവഴുക്കുള്ള ചെളിയിലും മൃതദേഹങ്ങൾ അന്വേഷിക്കുകയും ജീവനുവേണ്ടി കൈ നീട്ടുന്നവരെ രക്ഷിക്കുകയും ചെയ്ത മനുഷ്യരെ മുഖമടച്ച് ആക്ഷേപിക്കുന്ന വർത്തമാനമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അദ്ദേഹം പറഞ്ഞ വാക്കുകളുടെ വില എന്താണെന്ന് അദ്ദേഹത്തിന് ഇനിയും മനസ്സിലായിട്ടില്ല. സന്ദർഭത്തിന് യാതൊരു തരത്തിലും യോജിക്കാത്ത ഇത്തരം പ്രസ്താവനകൾ ഇറക്കിയ അദ്ദേഹം കേരളത്തിലെ പൊതുസമൂഹത്തോട് മാപ്പ് പറയേണ്ടത് അത്യാവശ്യമാണ്. ദുരന്തമുഖത്ത് രാഷ്ട്രീയം കലർത്തരുത് എന്ന നിർബന്ധ ബുദ്ധിയുള്ള കേരളത്തിന്റെ വിശാലമായ പൊതു രാഷ്ട്രീയ ബോധം കോന്നിയിലെ എംഎൽഎ ജനീഷ് കുമാറിനോട് യാതൊരു കാരണവശാലും പൊറുക്കുന്നതല്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട പറഞ്ഞു.
.