കോന്നി : കാൽ നൂറ്റാണ്ടുകാലത്തെ കോന്നിയുടെ വികസന മുന്നേറ്റം ജനഹൃദയങ്ങളിൽ സുവര്‍ണ്ണ ചരിത്രമായി മാറിയതില്‍ ഇടതുപക്ഷവും കോന്നി എം.എല്‍.എ ജനീഷ് കുമാറും വിറളിപിടിക്കേണ്ടതില്ലെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ അഡ്വക്കറ്റ് വെട്ടൂർ ജ്യോതി പ്രസാദ്, ജനറൽ സെക്രട്ടറിമാരായ ചിറ്റൂർ ശങ്കർ, എലിസബത്ത് അബു, ഹരികുമാർ പൂതങ്കര എന്നിവർ പറഞ്ഞു.
അമ്മാവന്‍ ആനപ്പുറത്ത് കയറിയതിന്റെ തഴമ്പ് തന്റെ പിന്നിലുണ്ടെന്നു പറഞ്ഞാല്‍ കോന്നിയിലെ ജനങ്ങള്‍ അത് പുശ്ചിച്ചു തള്ളും. കോന്നിയിലെ വികസന നേട്ടങ്ങള്‍ അടൂര്‍ പ്രകാശിന്റെ സ്വന്തമാണ്. തന്നെ തെരഞ്ഞെടുത്ത ജനങ്ങള്‍ ആഗ്രഹിച്ചതും അതിനപ്പുറവും കോന്നിയിലെ ജനങ്ങള്‍ക്ക് അദ്ദേഹം നല്‍കി. പദ്ധതികള്‍ ഓരോന്നും മുടക്കുവാന്‍ മുന്നിട്ടിറങ്ങിയവര്‍ ഇന്ന് വികസനനേട്ടങ്ങളുടെ അവകാശവുമായി വരുന്ന നാണംകെട്ട രാഷ്ട്രീയം കോന്നിയില്‍ ചിലവാകില്ലെന്നും വെട്ടൂര്‍ ജ്യോതി പ്രസാദ് പറഞ്ഞു.
കോന്നി മെഡിക്കല്‍ കോളേജിന്റെ തൂണിലും തുരുമ്പിലും അടൂര്‍ പ്രകാശിന്റെ സ്പന്ദനമുണ്ട്. ഓരോ മണല്‍ത്തരികള്‍ക്കും അടൂര്‍ പ്രകാശിനെ അറിയാം. അതിവേഗം പണി പൂര്‍ത്തിയായിക്കൊണ്ടിരുന്ന മെഡിക്കല്‍ കോളേജിന്റെ പണി തടസ്സപ്പെടുത്തിയത് ഇടതുപക്ഷ സര്‍ക്കാരാണ്. കോന്നിയുടെ അഭിമാനമായ മെഡിക്കല്‍ കോളേജ് പണിയുന്ന നെടുമ്പാറയില്‍ മുഴുവന്‍ പാറയാണെന്നും സമീപ സ്ഥലമായ ആനകുത്തിയില്‍ മുഴുവന്‍ ആനയാണെന്നും പറഞ്ഞുകൊണ്ട് പണി തടസ്സപ്പെടുത്താന്‍ വിഡ്ഢിവേഷം കെട്ടിയ ആരോഗ്യമന്ത്രിയാണ് കേരളത്തിലുള്ളത്. സ്വന്തം പാര്‍ട്ടിയിലെ എം.എല്‍.എ കോന്നിയില്‍ നിന്നും ജയിച്ചുവന്നപ്പോള്‍ നെടുമ്പാറയിലെ പാറയും ആനകുത്തിയിലെ ആനയുമൊക്കെ എവിടെയോ പോയി മറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജിന്റെ പിതൃത്വം അവകാശപ്പെട്ടുവരാന്‍ ജനീഷ് കുമാറിന് എന്തുയോഗ്യതയാണ് ഉള്ളതെന്ന് വ്യക്തമാക്കണം. അയല്‍പക്കത്തെ കൊച്ചിനെ എടുത്ത് താരാട്ട് പാടുന്നതില്‍ കുഴപ്പമില്ല, എന്നാല്‍ അതിനപ്പുറത്തേക്ക് വന്നാല്‍ ജനങ്ങള്‍ ഊറിച്ചിരിക്കുമെന്ന് എം.എല്‍.എ ഓര്‍ക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
അവികസിത പ്രദേശമായിരുന്ന കോന്നി നിയോജക മണ്ഡലം ദീർഘവീക്ഷണത്തോടെ കൂടിയതും ജനോപകാരപ്രദവുമായ പദ്ധതികളിലൂടെ പടിപടിയായി ഉയർത്തി പത്തനംതിട്ടയിലെ ഏത് പട്ടണങ്ങളെയും പോലെ തലയുയർത്തി നിൽക്കാനുള്ള കരുത്തും ഓജസ്സും നൽകിയത് അടൂർ പ്രകാശ് എന്ന് ജനകീയ വികസന നായകന്റെ കഴിവാണ്. ഇത് കോന്നിയിലെ ജനങ്ങൾ ഒരിക്കലും വിസ്മരിക്കില്ല.
സഞ്ചാരയോഗ്യമായ റോഡുകൾ ഇല്ലാതെ ഒറ്റപ്പെട്ടുകിടന്ന മലയോര പ്രദേശത്ത് ഉന്നതനിലവാരത്തിലുള്ള റോഡുകളും പാലങ്ങളും നിർമ്മിച്ച് വികസന കുതിപ്പ് പ്രദാനം ചെയ്യുന്നതോടൊപ്പം പാറ നിറഞ്ഞ പ്രദേശത്ത് ദിവാസ്വപ്നമായി മാത്രം കാണാമായിരുന്നു അതിമനോഹരമായ മെഡിക്കൽ കോളേജ് 99% നിർമ്മാണം പൂർത്തീകരിക്കാനും അടൂര്‍ പ്രകാശ് എന്ന ജനനായകന് കഴിഞ്ഞു. താലൂക്ക് കെഎസ്ആർടിസി ബസ് സ്റ്റേഷൻ , പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, ഭക്ഷ്യ സംസ്കരണ യൂണിറ്റ്, ഫയര്‍ സ്റ്റേഷന്‍ അടക്കം നിരവധി സർക്കാർ സ്ഥാപനങ്ങൾ കോന്നിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കാണുമ്പോള്‍ ജനീഷ് കുമാറിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും കുറ്റബോധം തോന്നുന്നതില്‍ അതിശയമൊന്നുമില്ലെന്ന് എലിസബത്ത് അബു പ്രതികരിച്ചു.
കള്ളത്തരങ്ങൾ മാത്രം പ്രചരിപ്പിച്ച് അടൂർ പ്രകാശിനെതിരെ പ്രചരണം നടത്തുന്ന ജനീഷ് കുമാർ വിഡ്ഢികളുടെ ലോകത്ത് കൂടിയാണ് സഞ്ചരിക്കുന്നതെന്നും നേതാക്കന്മാർ കുറ്റപ്പെടുത്തി.