പത്തനംതിട്ട : വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷകരായ സന്നദ്ധപ്രവർത്തകരെ അപമാനിച്ച കോന്നി എംഎൽഎ കെ യു ജനീഷ് കുമാറിന്റെ നിലപാട് കേരളത്തിനാകെ അപമാനകരമാണെന്ന് എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി ഷാജി പഴകുളം. ദുരന്തമുഖത്ത് വിശ്രമമില്ലാതെ സന്നദ്ധ പ്രവർത്തകർ നടത്തിയ ഇടപെടലുകൾ പൊതുസമൂഹം ശ്വാസമടക്കിപ്പിടിച്ച് കണ്ടതാണ്. അത്തരം പ്രവർത്തനങ്ങളെ പരിഹസിക്കുകയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ എംഎൽഎ ചെയ്തിട്ടുള്ളത്. ജനപ്രതിനിധി എന്ന പദവിക്ക് ചേർന്ന പ്രതികരണമല്ല എംഎൽഎയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. കേവലമൊരു കവല പ്രാസംഗികന്റെ നിലവാരത്തിലേക്ക് എംഎൽഎയെത്തി.
ഒന്നും പ്രതീക്ഷിക്കാതെ ദുരന്തഭൂമിയിൽ പ്രവർത്തിച്ച സാധാരണക്കാരായ സന്നദ്ധ പ്രവർത്തകരെയാണ് ഭരണകക്ഷി എംഎൽഎ പരസ്യമായി അപമാനിക്കുന്നത്. വിവിധ പാർട്ടികളിലും സംഘടനകളിലും പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ ഒരൊറ്റ മനസ്സായി അവിടെയെത്തിയത് സഹജീവികളുടെ ജീവൻ രക്ഷിക്കാനാണ്. ആ സേവനസന്നദ്ധത ബഹുമാനിക്കേണ്ടത് മനുഷ്യത്വമുള്ളവരുടെ ഗുണങ്ങളാണ്. അതിനുപകരം ഇത്തരത്തിൽ നിലവാരം തൊട്ടുതീണ്ടാത്ത പ്രസ്താവനകളുമായി ഒരു ജനപ്രതിനിധി തന്നെ രംഗത്തുവരുന്നത് ആശ്വാസ്യകരമല്ല. ദുരന്തത്തിന്റെ ഭീതിയൊഴിയും മുമ്പേ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് എംഎൽഎ ശ്രമിക്കുന്നതെന്ന് വ്യക്തം. ദുരന്തമുഖത്തെ സഹതാപം ഏറെക്കുറെ കഴിഞ്ഞതോടെ സിപിഎം നേതാക്കൾ യഥാർത്ഥ മുഖം കാണിച്ചു തുടങ്ങിയെന്ന് വേണം ഇത്തരം പ്രസ്താവനകളിൽ നിന്നും മനസ്സിലാക്കാൻ. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണോ എംഎൽഎയുടെ പ്രതികരണമെന്ന് കൂടി വ്യക്തമാക്കണം. സന്നദ്ധ പ്രവർത്തകരെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയാൻ എംഎൽഎ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.