കോന്നി: കോന്നി താലൂക്ക് രൂപീകരിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കോന്നിയില്‍ ഒരു കോടതി എന്ന സ്വപ്നം ഇന്നും അവശേഷിക്കുകയാണ്. ഏഴ് വില്ലേജുകള്‍ ചേരുന്ന കോന്നി താലൂക്ക് നിലവില്‍ വന്നിട്ട് എട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കോടതി എന്ന സ്വപനം മാത്രം സാക്ഷാത്കരിച്ചില്ല. അടൂര്‍ പ്രകാശ് റവന്യു മന്ത്രിയായിരുന്ന കാല ഘട്ടത്തില്‍ ആണ് കോന്നി താലൂക്ക് രൂപീകരിച്ചത്. ഇതിന് പിന്നാലെ കോന്നിയില്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങളും രുപം കൊണ്ടു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്,താലൂക്ക് ആശുപത്രി, സപ്ലൈ ഓഫീസ്, പോലീസ് സബ് ഡിവിഷന്‍ ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, ജോയിന്റ് ആര്‍ റ്റി ഓ ഓഫീസ് എന്നിവയൊക്കെ നിലവില്‍ വന്നെങ്കിലും കോന്നിയില്‍ ഒരു കോടതി എന്ന സ്വപ്നം യാഥാര്‍ഥ്യമായില്ല. കോടതിക്ക് അനുമതി ഉണ്ടെങ്കിലും ഇത് നടപ്പിലാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.
പ്രമാടം, കോന്നി, അരുവാപ്പുലം പഞ്ചായത്തുകളില്‍ കോടതി സമുച്ചയത്തിന് സ്ഥലം കണ്ടത്തുവാന്‍ കഴിയും. നിലവില്‍ കെട്ടിടമില്ലാത്തതിനാല്‍ താത്കാലിക കെട്ടിടം ഒരുക്കുന്നതിന് പോലും പ്രാദേശിക ഭരണ കൂടങ്ങള്‍ തയ്യാറായിട്ടില്ല. പത്തനംതിട്ട, റാന്നി, അടൂര്‍ കോടതികളുടെ പരിധിയിലാണ് കോന്നി ഇപ്പോഴുമുള്ളത്. കോടതി നിലവില്‍ വന്നാല്‍ കോന്നി, തണ്ണിത്തോട്, മലയാലപ്പുഴ, ചിറ്റാര്‍ പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന പ്രദേശം ഒന്നി കോടതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെങ്ങന്നൂര്‍ കോടതിയോടെ ഭാഗമായിരുന്നു കോന്നി ഉള്‍പ്പെടുന്ന പ്രദേശം. പിന്നീട് പത്തനംതിട്ട ജില്ലാ കോടതി വന്നതോടെ കോന്നി അവിടേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ കോന്നിയില്‍ താലൂക്ക് നിലവില്‍ വന്നതോടെ മൂന്ന് കോടതികളുടെ പരിധിയില്‍ വിഭജിക്കപ്പെടുകയും ചെയ്തു.