കോന്നി : ആരോഗ്യവകുപ്പിന് ഗുരുതരമായ വീഴ്ചകള്‍ തുടരെ സംഭവിക്കുകയാണ്. കോന്നിയില്‍ ആരോഗ്യ വകുപ്പിന്റെ ക്വോറന്റയിൻ കേന്ദ്രമായ സ്വകാര്യ ഹോട്ടലില്‍ കഴിഞ്ഞുവന്നിരുന്ന പ്രവാസിയെ ഇന്നലെ വീട്ടില്‍ പോകുവാന്‍ അധികൃതര്‍ അനുവദിച്ചിരുന്നു. ഇയാള്‍ വീട്ടില്‍ എത്തിയപ്പോഴാണ് പരിശോധനാഫലം പോസിറ്റീവ് ആണെന്നുള്ള വിവരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. ഇയാള്‍ ഓട്ടോ പിടിച്ചാണ് കോന്നിയില്‍ നിന്നും വീട്ടിലേക്ക് പോയത്. യാത്രക്കിടയില്‍ വേറെ ചിലരും ഓട്ടോയില്‍ ഒപ്പം യാത്ര ചെയ്തിരുന്നു. ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ഉടനെതന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഇയാളെ ആശുപത്രിയിലാക്കി. സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഓട്ടോ ഡ്രൈവറെയും കൂടെ യാത്രചെയ്തിരുന്ന ആളെയും നിരീക്ഷണത്തിലുമാക്കി.
ജോലിയും നഷ്ടപ്പെട്ട് ഏറെ ബുദ്ധിമുട്ടി വിദേശത്ത് കഴിയുകയായിരുന്നു ഇയാള്‍. പലരില്‍നിന്നും കടംവാങ്ങിയ പണവുമായി വിമാനടിക്കറ്റ് സംഘടിപ്പിച്ചു നാട്ടിലെത്തിയ ഇയാളെ സര്‍ക്കാര്‍ നിരീക്ഷണത്തിലാക്കിയത് കോന്നിയിലെ സ്വകാര്യ ഹോട്ടലിലാണ്. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി ഹോട്ടലില്‍ നിന്നും പുറത്തിറങ്ങണമെങ്കില്‍ സ്വന്തം കിഡ്നി ആര്‍ക്കെങ്കിലും വില്‍ക്കേണ്ടിവരുമെന്നു മനസ്സിലാക്കിയ ഇയാള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ അനുവാദത്തോടെയും സമ്മതത്തോടെയുമാണ് നിരീക്ഷണ സ്ഥലത്തുനിന്നും പുറത്തിറങ്ങിയത്. വീട്ടില്‍ പോയി നിരീക്ഷണത്തില്‍ കഴിഞ്ഞുകൊള്ളാമെന്ന് എഴുതി നല്‍കുകയും ചെയ്തിരുന്നു. ഇയാളെ സുരക്ഷിതമായി ആരോടും സമ്പര്‍ക്കമില്ലാതെ വീട്ടില്‍ എത്തിക്കുവാന്‍ ആരും ഉണ്ടായിരുന്നില്ല. ഇയാളുടെ സ്രവ പരിശോധനഫലം ലഭിച്ചിരുന്നുമില്ല.
തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം കോഴഞ്ചേരി മല്ലപ്പുഴശ്ശേരി പഞ്ചായത്തിലും ഇത്തരം വീഴ്ച സംഭവിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രണ്ടാമതും ക്വാറന്റയിനില്‍ കഴിയുകയാണ്. ആശാ പ്രവര്‍ത്തകക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പര്‍ക്കം ഉണ്ടായിരുന്ന പ്രസിഡന്റ് ക്വാറന്റയിനില്‍ ആകുകയായിരുന്നു. കാലാവധി തീരുന്നതിനു മുന്നോടിയായി കോവിഡ് പരിശോധനക്ക് ഇവരെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. ഈ ആംബുലന്‍സില്‍ വിദേശത്തുനിന്നും വന്ന ചിലരും ഉണ്ടായിരുന്നു. പരിശോധനയില്‍ പഞ്ചായത്ത് പ്രസിഡന്റിന് കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ കൂടെ ആംബുലന്‍സില്‍ യാത്ര ചെയ്ത പ്രവാസിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് വീണ്ടും ക്വാറന്റയിനില്‍ പോകുവാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.
മുല്ലപ്പുഴശ്ശേരിയിലും കോന്നിയിലും സംഭവിച്ചത് അശ്രദ്ധമൂലമാണ്. മാരകമായ വൈറസ് ബാധയെ ആദ്യം കണ്ട ഗൌരവത്തില്‍ ആരോഗ്യ വകുപ്പും ജനങ്ങളും ഇപ്പോള്‍ കാണുന്നില്ല. ഭിക്ഷ തെണ്ടി നാട്ടിലെത്തുന്ന പ്രവാസികളെ വീണ്ടും പ്രതിസന്ധിയിലും വിഷമത്തിലും ആക്കുന്നതാണ് സ്വകാര്യ ക്വാറന്റയിന്‍ കേന്ദ്രങ്ങള്‍. ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനം കൊണ്ടാണ് ഈ മഹാമാരിയെ ഒരുപരിധിവരെയെങ്കിലും അകറ്റിനിര്‍ത്തുവാന്‍ കേരളത്തിനു കഴിഞ്ഞത്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അയഞ്ഞ നിലപാടുകള്‍ തുടര്‍ന്നാല്‍ അതീവ ഗുരുതരമാകും കാര്യങ്ങള്‍.