കോന്നി : മഴക്കാലത്ത് വീടുകളുടെ പരിസരത്ത് ഇഴ ജന്തുക്കളുടെ ശല്യം രൂക്ഷമാകുമ്പോൾ ജനങ്ങളുടെ രക്ഷക്ക് എത്തുകയാണ് കോന്നിയിൽ വനം വകുപ്പിന്റെ റാപിഡ് റെസ്പോൺസ് സംഘം. ഈ വർഷം ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ 83 പെരുമ്പാമ്പുകളെ ആണ് സംഘം പിടികൂടിയത്. മാർച്ചിൽ ഒരു രാജാവമ്പാലയെയും 23 മൂർഖൻ പാമ്പുകളെയും പത്ത് അണലികളെയും സംഘം പിടികൂടിയിരുന്നു. ജനുവരിയിൽ 66 പാമ്പുകളെയും ഫെബ്രുവരിയിൽ 47 പാമ്പുകളെയും മാർച്ചിൽ 116 പാമ്പുകളെയും ഏപ്രിലിൽ 74 പാമ്പുകളെയും മെയ് മാസത്തിൽ 147 പാമ്പുകളെയും സംഘം പിടികൂടി. കോന്നി ഫോറെസ്റ്റ് ഡിവിഷനിൽ ഗവി മുതൽ പത്തനാപുരം, അടൂർ, ശാസ്താംകോട്ട, ഓച്ചിറ, കരുനാഗപള്ളി, തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ആണ് ഇവർ പാമ്പുകളെ പിടികൂടുവാൻ എത്തുന്നത്.
അടൂർ, ശാസ്താംകോട്ട, മൈനാകപള്ളി, ചക്കുവള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ഇവരെ സഹായിക്കാൻ വനം വകുപ്പ് റെസ്‌ക്യൂവർമാരെയും നിയമിച്ചിട്ടുണ്ട്. പിടികൂടുന്ന പാമ്പുകളെ ഉൾവനങ്ങളിൽ കൊണ്ടുവന്ന് തുറന്നു വിടുകയാണ് ചെയ്യുന്നത്. പാമ്പുകൾ മാത്രമല്ല അപകടത്തിൽ പെടുന്ന ഏത് ജീവികളെയും ഇവർ രക്ഷപെടുത്താറുണ്ട്. വീടുകളിൽ കയറുന്ന പാമ്പുകളെയാണ് കൂടുതലും പിടികൂടുന്നത്. മഴ ശക്തമാകുമ്പോൾ വീടുകളിൽ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന പാമ്പുകളെ പിടികൂടുവാൻ സദാ സന്നദ്ധരാണ് കോന്നിയിലെ വനം വകുപ്പ് റാപിഡ് റെസ്പോൻസ് സംഘം.