തിരുവനന്തപുരം : കോന്നി നിയോജക മണ്ഡലത്തിലെ റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ സബ്മിഷന് നിയമസഭയില്‍ മറുപടി നല്കുകയായിരുന്നു മന്ത്രി.
അരുവാപ്പുലം വില്ലേജില്‍ 36, 37, 38, 39 എന്നീ ബ്ലോക്കുകളിലായി 3757 ഹെക്ടര്‍ ഭൂമിയാണ് ഉള്ളത്. ഇതില്‍ ഉടമസ്ഥത സംബന്ധിച്ച് ഹാരിസണുമായി കേസ് നിലനില്ക്കുന്ന ബ്ലോക്ക് നമ്പര്‍ 38, റിസര്‍വ് വനമായ ബ്ലോക്ക് 39 എന്നിവ ഒഴികെയുള്ള ഭാഗങ്ങളിലെ റീസര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സര്‍വെ ഫീല്‍ഡ് ജോലികള്‍ കണ്‍വന്‍ഷണല്‍ രീതിയിലാണ് ഇവിടെ പൂര്‍ത്തീകരിച്ചിട്ടുള്ളത്. എഎല്‍സി പരാതികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
കോന്നിതാഴം, തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട് എന്നീ വില്ലേജുകളിലെ റീ സര്‍വേ ജോലികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കും. എല്ലാ വില്ലേജുകളിലും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാകും റീ സര്‍വെ ജോലികള്‍ പൂര്‍ത്തീകരിക്കുക. റീ സര്‍വെ പൂര്‍ത്തിയായ മൈലപ്ര വില്ലേജിലെ അപാകതകളും പരിഹരിക്കണമെന്ന് എംഎല്‍എ സബ്മിഷനില്‍ ആവശ്യപ്പെട്ടു. റീ സര്‍വെ പൂര്‍ത്തീകരിച്ച സ്ഥലങ്ങളില്‍ ഉയര്‍ന്നു വന്ന പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നും അടിയന്തിര നടപടിയുണ്ടാകണമെന്നും എംഎല്‍എ അഭ്യര്‍ഥിച്ചു.