കോന്നി : കോന്നി ജോയിന്റ് ആർ ടി ഓഫീസ് ഉത്ഘാടനത്തിന് എത്തിയ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോന്നിയിലെ പോലീസ് ഉദ്യോഗസ്ഥരും ഭീതിയിലായി. കൊവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥൻ പോലീസ് ഉദ്യോഗസ്ഥരോട് അടുത്ത് ഇടപഴകിയതായും ഇവർക്ക് ചായ കൊണ്ടുവന്നുകൊടുത്തതായും സംശയമുണ്ട്. എന്നാൽ ഉത്ഘാടനത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ അല്ലാതെ ആരും നിരീക്ഷണത്തില്‍ പോയിട്ടില്ല.
രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹന വകുപ്പിലെ ജീവനക്കാരും നിരീക്ഷണത്തിൽ പോകേണ്ടതാണെങ്കിലും ഇവര്‍ക്ക് അങ്ങനെയൊരു നിര്‍ദ്ദേശം ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയിട്ടില്ല. ദൈനംദിന പ്രവർത്തനങ്ങളോടനുബന്ധിച്ച് കോന്നി പോലീസ് സ്റ്റേഷനിൽ ഒരാഴ്ച്ചയിലേറെയായി നിരവധയാളുകളാണ് എത്തിയിട്ടുള്ളത്. ഇതും ആശങ്ക വര്‍ധിപ്പിക്കുന്നു.
കഴിഞ്ഞ ആഴ്ച്ചയാണ് കോന്നി ജോയിന്റ് ആർ ടി ഓഫീസ് ഗതാഗത മന്ത്രി ഓൺലൈൻ ആയി ഉത്ഘാടനം ചെയ്തത്. സി.പി.എം കോന്നി ഏരിയ കമ്മറ്റി സെക്രട്ടറിയും രാഷ്ട്രീയ പ്രതിനിധികളുമടക്കം നിരവധിപേർ ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കുകയും സാമൂഹ്യ അകലം പാലിക്കാതെ ഇവർ ഫോട്ടോ എടുക്കുകയും അടുത്തിടപഴകുകയും ചെയ്തിരുന്നു. ഇതിന് ശേഷം കോന്നി എം എൽ എ ജനീഷ് കുമാറും എം.പി ആന്റോ ആന്റണിയും അടക്കമുള്ള ജനപ്രതിനിധികൾ വിവിധ പൊതുപരിപാടികളിലും ചടങ്ങുകളിലും പങ്കെടുത്തിരുന്നു. നിരവധി സർക്കാർ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിനാൽ സമൂഹ വ്യാപനത്തിന്റെ തോത് എത്രത്തോളമുണ്ടെന്ന് ഇതുവരെയും അധികൃതർക്ക് വ്യക്തമായിട്ടില്ല. ഇനിയും ആളുകൾ നിരീക്ഷണത്തിൽ പോകുവാനും സാധ്യതയുണ്ട്.