കോന്നി : മ്ലാവുകളുടെ ആക്രമണത്തിൽ റബർ കൃഷി നശിക്കുന്നത് വ്യാപകമാകുന്നു. തണ്ണിത്തോട്, തേക്കുതോട്, കൊക്കാത്തോട്, ചിറ്റാർ, സീതത്തോട് തുടങ്ങിയ മലയോര മേഖലയിലെ വനാതിർത്തിയോട് ചേർന്നുള്ള റബർ തോട്ടങ്ങളിലാണ് മ്ലാവിന്റെ ശല്യം ഏറെയുമുള്ളത്.
ടാപ്പിങ്ങിന് പാകമായ റബർ മരങ്ങളുടെ പട്ടകൾ കടിച്ചു മുറിച്ച് മരത്തിൻറ്റെ തോലുകൾ ഇളക്കി മാറ്റി തിന്നുന്നതാണ് ഇവറ്റകളുടെ രീതി. റബർ പട്ട ഇളകിമാറിയ ഭാഗത്തുനിന്നും തുടർച്ചയായി റബർപാൽ ഒഴുകി കാലക്രമേണ റബർ മരങ്ങൾ നശിച്ചുപോവുകയും ചെയ്യും. കൊമ്പുപയോഗിച്ച് മരത്തിൽ ഉരയ്ക്കുകയും മരം കുത്തികീറുന്നതും പതിവാണ്. മ്ലാവുകളുടെ ശല്യം രൂക്ഷമാകുന്നത് റബർ കർഷകരെ വെട്ടിലാക്കുന്നുണ്ട്.
നൂറുകണക്കിന് മരങ്ങളാണ് ഇത്തരത്തിൽ പലസ്ഥലങ്ങളിലൂം നശിച്ചുപോയിട്ടുള്ളത്. റബർ തൈകൾ കടിച്ചുനശിപ്പിക്കുന്നതും വ്യാപകമാകുന്നുണ്ട്. വനാതിർത്തികളിലെ സൗരോർജ വേലികൾ പ്രവർത്തനക്ഷമമല്ലാത്തതും വന്യമൃഗങ്ങളെ നാട്ടിലേക്ക് ആകർഷിക്കുന്നുണ്ടെന്നുകർഷകർ പറയുന്നു. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.