കോന്നി : കോന്നിയിലെ സാധാരണക്കാരയാ ജനങ്ങൾ ആശ്രയിക്കുന്ന കോന്നി താലൂക്ക് ആശുപത്രിയിൽ ആംബുൻസ് ഇല്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ നാല് വർഷങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്ന ആംബുലൻസ് കാലാവധി കഴിഞ്ഞതിനാൽ കണ്ടം ചെയ്യാനായി മാറ്റിയിരുന്നു. പിന്നീട് കോന്നി താലൂക്ക് ആശുപത്രിക്ക് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസ് ആണ് കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എന്നാൽ ഈ ആംബുലസ് രോഗികളെ കൊണ്ട്പോകാതെ മരുന്നുകളും മറ്റും കൊണ്ടുപോകാൻ ആണ് നിലവിൽ ഉപയോഗിക്കുന്നത്. കോന്നി താലൂക് ആശുപത്രിയിൽ എം പി ഫണ്ടിൽ നിന്ന് ലഭിച്ച ഒരു ആംബുലൻസ് ഉണ്ടെങ്കിലും ഇത് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്.
കോന്നി തലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഇല്ലെങ്കിലും പി എസ് സി വഴി നിയമിതനായ ഡ്രൈവർ നിലവിൽ തുടരുന്നു എന്നതാണ് പ്രധാന കാര്യം. കോന്നിയുടെ മലയോര മേഖലയിൽ നിന്ന് ഉൾപ്പെടെ നിരവധി ആളുകൾ ആണ് കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി എത്തുന്നത്. എന്നാൽ അടിയന്തിര ഘട്ടങ്ങളിൽ ആംബുലൻസുകൾ ഇല്ലാതെ വരുമ്പോൾ സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കുക മാത്രമാണ് സാധാരണക്കാർക്ക് ഏക പോം വഴി. ഐ സി യു സംവിധാനമുള്ള ആംബുലൻസ് ഇല്ലാത്തതിനാൽ വാഹനാപകടങ്ങളിൽപെടുന്നത് അടക്കമുള്ള നിരവധി രോഗികളുടെ ജീവനെയും ഇത് ബാധിക്കുന്നു. സംസ്ഥാന പാത നിർമ്മാണം പൂർത്തിയായ ശേഷം ഉണ്ടാകുന്ന വാഹനാപകടങ്ങളിൽപെടുന്നവരെയും വന്യ ജീവികളുടെ ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവരെയും ഹൃദയാഘാതം സംഭവിക്കുന്നവരെയും എല്ലാം സ്വകാര്യ ആംബുലൻസുകളിൽ വേണം മെഡിക്കൽ കോളേജുകളിലോ അല്ലെങ്കിൽ ജില്ലയിലെ മറ്റ് ആശുപത്രികളിലേക്കോ എത്തിക്കാൻ. ജില്ലയിൽ സ്വന്തമായി ആംബുലൻസ് ഇല്ലാത്ത ഏക താലൂക്ക് ആശുപത്രിയാണ് കോന്നി. എന്നിട്ടും താലൂക്ക് ആശുപത്രിയിലേക്ക് ആംബുലൻസ് എത്തിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ല.