കോന്നി : കോന്നി താലൂക്ക് ആശുപത്രിയിലെ സെന്‍ട്രലൈസ്ഡ് ഓക്‌സിജന്‍ പ്ലാന്റിന്റെ ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയില്‍ നടപ്പാക്കുന്ന 10 കോടിയുടെ സമഗ്ര വികസന പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് സെന്‍ട്രലൈസ്ഡ് ഓക്‌സിജന്‍ പ്ലാന്റ്. 12 കിടക്കകളില്‍ ഓക്‌സിജന്‍ പ്ലാന്റില്‍ നിന്നും പൈപ്പ് ലൈന്‍ വഴി നേരിട്ട് ഇനി മുതല്‍ ഓക്‌സിജന്‍ ലഭ്യമാകും. ഐസിയുവിലേക്കുള്ള ഓക്‌സിജനും പ്ലാന്റില്‍ നിന്നും എത്തിക്കും. പ്ലാന്റിന്റെ ആവശ്യത്തിനായി 15 വലിയ ഓക്‌സിജന്‍ സിലിന്‍ഡര്‍ ആണ് ലഭ്യമാക്കിയിട്ടുള്ളത്. എംഎല്‍എ ഫണ്ടില്‍ നിന്നും 20 സിലിന്‍ഡറും വാങ്ങി നല്‍കിയിട്ടുണ്ട്.
പത്ത് കോടിയുടെ പദ്ധതിയുടെ ഭാഗമായി 5.5 കോടിയുടെ കെട്ടിട നിര്‍മാണം തറക്കല്ലിട്ട് ആരംഭിച്ചിട്ടുണ്ട്. രണ്ടു കോടിയുടെ ഇലക്ട്രിക്കല്‍ വര്‍ക്കിനുള്ള ടെന്‍ഡര്‍ നടപടി നടന്നു വരുന്നു. ഇതു കൂടാതെ മൂന്നു കോടിയുടെ എന്‍എച്ച്എം ഫണ്ടും താലൂക്ക് ആശുപത്രിക്ക് ലഭ്യമായിട്ടുള്ളതായി എംഎല്‍എ പറഞ്ഞു. ഇതില്‍ നിന്നും ലേബര്‍ റൂം, ഓപ്പറേഷന്‍ തീയേറ്റര്‍, ന്യൂബോണ്‍ ഐസിയു, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് തുടങ്ങിയവയാണ് സ്ഥാപിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വര്‍ഗീസ് ബേബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം തുളസീമണിയമ്മ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഗ്രേസ് മറിയം ജോര്‍ജ്, ആര്‍എംഒ ഇന്‍ ചാര്‍ജ് അജയ് ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.