കോന്നി: കോന്നി – തണ്ണിത്തോട് റോഡിലെ ഞള്ളൂർ വനഭാഗത്തെ വളവുകളിൽ തുടർച്ചയായി ഉണ്ടാകുന്ന ഓയിൽ ചോർച്ച ദുരൂഹത വർധിപ്പിക്കുന്നു. കോന്നി ഫയർഫോഴ്സ് അധികൃതരുടെ കണക്കുകൾ പ്രകാരം പതിനെട്ട് തവണയിലധികമാണ് ഞള്ളൂർ ഫോറസ്റ്റേഷന് സമീപത്തെ കൊടുംവളവിൽ വാഹനങ്ങളിൽ നിന്ന് റോഡിലേക്ക് ഓയിൽ ചോർന്നിട്ടുള്ളത്. എന്നാൽ തുടർച്ചയായി റോഡിൽ ഓയിൽ വീഴുന്നതിനുള്ള കാരണം എന്താണെന്ന് കണ്ടെത്തുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഫയർഫോഴ്സ് അധികൃതർ പറയുന്നു.
25ന് ശനിയാഴ്ച്ച രാവിലെ ഒൻപത് മണിക്കാണ് അവസാനമായി ഞള്ളൂരിൽ ഓയിൽ ചോർച്ചയുണ്ടായത്. തുടർന്ന് കോന്നിയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി റോഡ് കഴുകി വൃത്തിയാക്കിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മുൻപും പലതവണയുണ്ടായ ഓയിൽ ചോർച്ചയിൽ നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുകയും നിരവധി യാത്രക്കാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. വേനൽ കാലമായതിനാൽ തീപിടുത്തവും മറ്റുമുണ്ടാകുമ്പോൾ അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കേണ്ട ജലമാണ് ഓയിൽ ചോരുന്നത് മൂലം ഫയർഫോഴ്സ് റോഡ് കഴുകി വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്നത്. ഈ സമയം തീപിടുത്തമോ മറ്റോ ഉണ്ടായാൽ അടിയന്തിരമായി രക്ഷാപ്രവർത്തനത്തിന് വെള്ളം തികയാതെ വരുന്നതും ഫയർഫോഴ്സ് അധികൃതരെ വലയ്ക്കുന്നു. റോഡിൽ വീഴുന്ന ഓയിൽ മണിക്കൂറോളം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയെങ്കിൽ മാത്രമേ ഗതാഗതം പൂർണ്ണമായി പുനഃസ്ഥാപിക്കുവാൻ സാധിക്കുകയുള്ളുവെന്നും ഫയർഫോഴ്സ് അധികൃതർ പറയുന്നു.
അടുത്തടുത്ത് കൊടും വളവുകളാണ് ഞള്ളൂരിലെ വനഭാഗത്തുള്ളത്. ഇതാണോ ഇത്തരത്തിൽ തുടർച്ചയായി ഓയില്‍ വീഴുന്നതിന് കാരണമെന്നും സംശയിക്കുന്നു. റോഡിൽ തുടർച്ചയായി ഓയിൽ വീഴുന്ന ഭാഗങ്ങളിൽ സി സി ടി വി ക്യാമറകൾ സ്ഥാപിച്ച് ഓയിൽ വീഴുന്നതിന്റെ കാരണം കണ്ടെത്തി അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.