കോന്നി: കോന്നി തണ്ണിത്തോട് റോഡിലെ പാഴ്മരങ്ങള്‍ അപകടഭീഷണിയാകുന്നു. മഴ ശക്തമായതോടെ കോന്നി തണ്ണിത്തോട് റോഡരികിലെ പാഴ്മരങ്ങളെ ഭയന്നാണ് ജനങ്ങള്‍ യാത്ര ചെയ്യുന്നത്. ഉത്തരകുമരം പേരൂര്‍, തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധികളിലായി 286 പാഴ്മരങ്ങള്‍ ആണ് റോഡരികില്‍ മുറിച്ച് മാറ്റുവാന്‍ ഉള്ളത്. വട്ടമരമാണ് ഇതില്‍ ഏറെയും. പാഴ്മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ട് ആറ് മാസം കഴിഞ്ഞെങ്കിലും നടപടിയായില്ല. ഈ മഴക്കാലത്ത് നിരവധി തവണയാണ് മരങ്ങള്‍ റോഡിലേക്ക് ഒടിഞ്ഞും കടപുഴകിയും വീണത്. വാഹനങ്ങള്‍ കടന്നു പോയതിന് തൊട്ടുപിന്നാലെ ആണ് അപകടങ്ങള്‍ നടന്നിട്ടുള്ളത്. മരം ഒടിഞ്ഞ് വീണ് വൈദ്യുത ബന്ധം തകരാറില്‍ ആയ സംഭവങ്ങളും അനവധിയാണ്.
തണ്ണിത്തോട് മുണ്ടോന്‍മൂഴി പാലത്തിനും ഫോറസ്റ്റ് സ്റ്റേഷനും ഇടയിലായി നിരവധി പാഴ്മരങ്ങള്‍ ആണ് റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്നത്. ഇതില്‍ പകുതിയും ഇടഭാഗത്ത് കേട് വന്ന് ഒടിഞ്ഞ് വീഴാറായ മരങ്ങളുമാണ്. തണ്ണിത്തോട് റോഡിലെ മണ്‍ തിട്ടകളില്‍ വേര് നഷ്ട്‌പെട്ട് നില്‍ക്കുന്ന മരങ്ങളും അനവധിയാണ്. പല തേക്ക് മരങ്ങളുടെ ചുവട്ടിലെയും മണ്ണ് നഷ്ട്‌പെട്ട് റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്നുമുണ്ട്. മരങ്ങള്‍ മുറിക്കുന്നതിനായി നമ്പര്‍ ഇടുന്ന ജോലികള്‍ വരെ പൂര്‍ത്തിയായി. കഴിഞ്ഞ ദിവസവും പേരുവാലി ഭാഗത്ത് റോഡിലേക്ക് മരത്തിന്റെ ശിഖരങ്ങള്‍ ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപെട്ടിരുന്നു. തണ്ണിത്തോട്, ചിറ്റാര്‍, തേക്കുതോട് ഭാഗത്തേക്ക് നിരവധി ആളുകളാണ് ദിവസേന തണ്ണിത്തോട് റോഡ് വഴി യാത്ര ചെയ്യുന്നത്. റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന പാഴ്മരങ്ങള്‍ മുറിച്ച് മാറ്റാത്തത് രാത്രി യാത്രക്കാരെയും ഭീതിയിലാഴ്ത്തുന്നുണ്ട്. കോന്നി താലൂക്ക് വികസന സമിതി യോഗങ്ങളിലും പല തവണ ഈ വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി പാഴ്മരങ്ങള്‍ ഉടന്‍ മുറിച്ച് മാറ്റിയില്ലെങ്കില്‍ വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാം.