കോന്നി: ഭരണത്തിൽ തിരികെയെത്താനുള്ള ശ്രമത്തിനിടെ യുഡിഎഫ് പാളയത്തിൽ വിമതശല്യം. പാർട്ടി നേതൃത്വങ്ങളുടെ നിലപാടുകളെ വെല്ലുവിളിച്ച് യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ ശക്തമായ പോരാട്ടമാണ് വിമതർ നടത്തുന്നത്. 18 വാർഡുകളുള്ള കോന്നിയിൽ കഴിഞ്ഞ തവണ യുഡിഎഫ് 12 സീറ്റുകളിലും എൽഡിഎഫ് ആറ് സീറ്റുകളിലും വിജയിച്ചിരുന്നു. ഇരുമുന്നണികളും മാറിമാറി ഭരിച്ച പാരന്പര്യം കോന്നിയ്ക്കുണ്ടെങ്കിലും നിലവിലെ ഭരണസമിതിയുടെ പിൻബലത്തിൽ യുഡിഎഫിനുണ്ടായിരുന്ന സ്വാധീനം വിമതൻമാരുടെ രംഗപ്രവേശത്തോടെ ഇടിഞ്ഞിട്ടുണ്ട്.
അഞ്ച് വാർഡുകളിൽ യുഡിഎഫ് വിമതർ ശക്തമായി രംഗത്തുണ്ട്. രണ്ടാം വാർഡിൽ കോൺഗ്രസിന്റെ മുൻ ഗ്രാമപഞ്ചായത്തംഗങ്ങളാണ് ഏറ്റുമുട്ടുന്നത്. കോൺഗ്രസ് കുത്തകയായ ഈ വാർഡിൽ മുൻ ഗ്രാമപഞ്ചായത്തംഗവും ഔദ്യോഗിക സ്ഥാനാർഥിയുമായ തോമസ് കാലായിലിനു റിബലായി മഹിളാ കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്തംഗവുമായ ഷീജ ഏബ്രഹാം മൽസരിക്കുന്നു. മൂന്നാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി എലിസബത്ത് ചെറിയാനാണ് ഔദ്യോഗിക സ്ഥാനാർഥിയെങ്കിലും കോൺഗ്രസ് പ്രവർത്തക സിജി സാബു സ്വതന്ത്രവേഷത്തിൽ മത്സരിക്കുന്നുണ്ട്.
അഞ്ചാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി പി.വി.ജോസഫിനെതിരെ കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്തംഗവുമായ റോജി ബേബിയും മത്സര രംഗത്തുണ്ട്. മുമ്പ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച റോജി പിന്നീട് പാർട്ടിയുമായി സഹകരിച്ച് പോകുകയായിരുന്നു. ഏഴാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ സുജ ഈപ്പനെതിരെ കേരള കോൺഗ്രസിലെ മുൻ പഞ്ചായത്തംഗം സിനി തോമസും മത്സരിക്കുന്നു.
12-ാം വാർഡിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥി റോജി ഏബ്രഹാമിനെതിരെ കോൺഗ്രസ് മുൻ വാർഡ് പ്രസിഡന്റ് കെ.സി.നായരും മത്സര രംഗത്തുണ്ട്.
. ഒന്ന്, നാല്, എട്ട്, 10, 11, 15, 17 വാർഡുകളിൽ കോൺഗ്രസ്, സിപിഎം, ബിജെപി എന്നീ സ്ഥാനാർഥികൾ നേരിട്ട് ഏറ്റുമുട്ടുന്നത്. 6, 13, 18 വാർഡുകളിൽ സിപിഎം സ്വതന്ത്രരാണ് മത്സരിക്കുന്നത്. ഏഴാം വാർഡിലാണ് ഏറ്റവുമധികം സ്ഥാനാർഥികൾ. ഇവിടെ ആറുപേരാണ് മത്സര രംഗത്തുള്ളത്.
രണ്ട്, മൂന്ന്, അഞ്ച്, ഒന്പത്, 12, 14 വാർഡുകളിൽ നാലുപേർ വീതം മത്സര രംഗത്തുണ്ട്. മാങ്കുളം 16-ാം വാർഡിലാണ് രണ്ട് സ്ഥാനാർഥികൾ മാത്രമുള്ളത്. കോൺഗ്രസിലെ പി.എച്ച്. ഫൈസലും സിപിഎമ്മിലെ ഷാബുദ്ദീനും നേരിട്ടുള്ള മത്സരത്തിലാണ്.