കോന്നി : നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിന്റെ പരിധികളിൽ നിന്ന് തേക്കിൻതടികൾ മുറിച്ച് കടത്തിയ സംഭവത്തിൽ കൊല്ലം ജില്ലയിൽ നിന്ന് തടി ഉരുപ്പടികൾ വനപാലകർ പിടിച്ചെടുത്തു. രണ്ടര ലക്ഷത്തോളം രൂപയുടെ തേക്കിൻ തടികളാണ് കരിപ്പാൻതോട്, പാടം ഫോറസ്റ്റ് സ്റ്റേഷൻ അതിർത്തികളിൽ നിന്നും വനപാലകരുടെ ഒത്താശയോടെ മുറിച്ച് കടത്തിയത്.
മാർച്ച് ഇരുപത്തിയൊന്നിനാണ് തേക്ക് തടി മോഷണം പോയതായി വനംവകുപ്പ് സ്ഥിരീകരിച്ചത്. തേക്കുതടി മുറിച്ച് കടത്തുവാൻ സഹായിച്ച മധു, ചെക്ക് പോസ്റ്റ് വാച്ചർ വർഗീസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. വനംവകുപ്പ് നടത്തിയ അന്വേഷണത്തിൽ കൊല്ലം ജില്ലയിലെ കേരളപുരത്ത് തടി മില്ലിനടത്തുള്ള വീട്ടിൽ നിന്നുമാണ് തടി ഉരുപ്പടികൾ കണ്ടെടുത്തത്. സംഭവത്തിലെ കൊക്കാത്തോട് വയക്കര സ്വദേശികളായ സമീർ, അൻവർഷാ, ജോതിഷ് എന്നിവർ ഇപ്പോഴും ഒളിവിലാണ്. വനംകൊള്ളക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരേയും വനംവകുപ്പ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. നിലവിൽ രണ്ട് ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, രണ്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ, ഏഴ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, ഒരു ട്രൈബൽ വാച്ചർ എന്നിവരെ ജോലിയിൽ നിന്ന് സസ്പെന്റ് ചെയ്തിട്ടുണ്ട്.