പത്തനംതിട്ട : വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്ന കോന്നിയിലേക്ക് പൈതൃക മ്യൂസിയവും. കോന്നി ഇക്കോ ടൂറിസം സെന്‍ററിലാണ് വനം വകുപ്പ് വിട്ടുനല്‍കിയ സ്ഥലത്ത് മ്യൂസിയം ആരംഭിക്കുന്നത്. 2019 ലാണ് രണ്ട് കോടി രൂപ മുടക്കി കോന്നി ആനത്താവളം കേന്ദ്രമാക്കി ജില്ലാ പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരാവസ്‌തുവകുപ്പ് ആരംഭിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളിലും പൈതൃക മ്യൂസിയങ്ങള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ജില്ലയിലെ മ്യൂസിയം അന്ന് റവന്യു മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിന്‍റെ പ്രത്യേക താത്പര്യപ്രകാരം കോന്നിയില്‍ അനുവദിക്കുകയായിരുന്നു. ഇക്കോ ടൂറിസം സെന്‍ററിലെ വനം വകുപ്പിന്‍റെ മൂന്ന് കെട്ടിടങ്ങള്‍ ഇതിനായി വിട്ടുനല്‍കുകയും ചെയ്‌തു. സാംസ്‌കാരിക വകുപ്പിന് വനം വകുപ്പ് വിട്ടുനല്‍കിയ ശേഷം കെട്ടിടങ്ങള്‍ പുനരുദ്ധരിക്കുകയും ചെയ്‌തു.
തുടർന്ന് 2014ല്‍ മ്യൂസിയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്‍റെ ഭാഗമായി പന്തളം എന്‍എസ്‌എസ് കോളേജിലെ ചരിത്രവിഭാഗവുമായി ചേര്‍ന്ന് സംസ്ഥാന പുരാവസ്‌തു വകുപ്പ് എട്ട് സംഘങ്ങളായി ജില്ലയുടെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. പരമ്പരാഗത കാര്‍ഷിക ഉപകരണങ്ങള്‍, വിവിധ ആചാരാനുഷ്‌ഠാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, പഴയകാല ചികിത്സാ ഉപകരണങ്ങള്‍, പഴയകാല ചരിത്ര രേഖകള്‍ എന്നിവ കണ്ടെത്തി ഇവിടെയെത്തിച്ചിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചരിത്രസ്നേഹികളും പഴമക്കാരും സൂക്ഷിച്ചിരുന്ന പൈതൃക സ്വത്തുക്കളാണ് ഇത്തരത്തിൽ ഇവിടേക്ക് പ്രദർശനത്തിനായി കൊണ്ടുവന്നത്. രാജഭരണ കാലത്തെ ശേഷിപ്പുകള്‍, ആറന്മുള കണ്ണാടി, കടമ്മനിട്ട പടയണി എന്നിവയുമായി ബന്ധപ്പെട്ട ചരിത്രശേഷിപ്പുകള്‍, പഴയകാല ചികിത്സാ ഉപകരണങ്ങള്‍, വിവിധ ആചാരാനുഷ്‌ടാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, പഴയ കാര്‍ഷിക സംസ്‌കാരം വിളിച്ചോതുന്ന കാര്‍ഷിക ഉപകരണങ്ങള്‍, പുതിയ തലമുറയ്‌ക്കായി ചരിത്ര രേഖകളുടെ മിനിയേച്ചര്‍ രൂപങ്ങള്‍ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
എന്നാൽ വനംവകുപ്പില്‍നിന്ന് വിട്ടുകിട്ടിയ രണ്ട് കെട്ടിടങ്ങളില്‍ പൈതൃക മ്യൂസിയത്തിനാവശ്യമായ സ്ഥലസൗകര്യങ്ങള്‍ കുറവാണെന്ന് മ്യൂസിയം വകുപ്പ് ഇപ്പോൾ പറയുന്നുണ്ട്. മ്യൂസിയം ഡയറക്ടറും പുരാവസ്‌തു വകുപ്പ് ഡയറക്ടറുമടങ്ങുന്ന ഉദ്യോഗസ്ഥസംഘം ഇക്കോ ടൂറിസം സെന്‍ററിലെ കെട്ടിടങ്ങള്‍ പരിശോധിച്ച ശേഷമാണ് പുതിയ വിലയിരുത്തല്‍ നടത്തിയത്. പുരാവസ്‌തുക്കള്‍ സൂക്ഷിക്കാനാവശ്യമായ സൗകര്യം കെട്ടിടങ്ങളിലില്ലെന്നും ഉദ്യോഗസ്‌ഥര്‍ അഭിപ്രായപ്പെട്ടിരുന്നു. സാംസ്‌കാരിക മന്ത്രിയായിരുന്ന കെസി ജോസഫ് ഉദ്‌ഘാടനം നടത്തിയ മ്യൂസിയത്തിലേക്കുള്ള പൈതൃക സ്വത്തുക്കളുടെ ഏറ്റുവാങ്ങല്‍ നാല് വര്‍ഷത്തിനുശേഷം സാംസ്‌കാരിക മന്ത്രിയായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളിയുമാണ് നിർവഹിച്ചത്.