കോന്നി : കോന്നി മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കാവശ്യമായ മാസ്കും ഗ്ലൗസും ഇല്ലാത്തത് രോഗികളെ വലയ്ക്കുന്നു. കോന്നി നിയോജക മണ്ഡലത്തിന്റെ പ്രധാന ആരോഗ്യ മേഖലയായ കോന്നി മെഡിക്കല്‍ കോളേജില്‍ നിരവധി ആളുകളാണ് ദിവസേനെ എത്തിച്ചേരുന്നത്. എന്നാല്‍ ഇവിടെ എത്തുന്ന രോഗികള്‍ മാസ്കും ഗ്ലൗസും ആവശ്യപ്പെടുമ്പോള്‍ ഇവ രണ്ടും ഇല്ലെന്നും പുറത്ത് നിന്ന് വാങ്ങി ഉപയോഗിക്കുവാനുമാണ് അധികൃതര്‍ നല്‍കുന്ന മറുപടി. ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
കോവിഡ് സാഹചരത്തില്‍ വിവിധ രോഗം ബാധിച്ചവര്‍ കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുന്നുണ്ട്. രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് സുരക്ഷയ്ക്ക് അത്യാവശ്യം വേണ്ട മാസ്കും ഗ്ലൗസുമാണ് ഇവിടെ സ്റ്റോക്കില്ലെന്നും പുറത്തുനിന്നും വാങ്ങണമെന്നും അധികൃതര്‍ പറയുന്നത്. ഇത്തരത്തില്‍ മാസ്കും ഗ്ലൗസും വാങ്ങണമെങ്കില്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അപ്പുറത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ എത്തിവേണം മാസ്കും ഗ്ലൗസും വാങ്ങാന്‍. ആമ്പുലന്‍സുകളില്‍ എത്തിക്കുന്ന രോഗിയെ പരിചരിക്കാന്‍ പോലും ഇവരണ്ടും ഇല്ലാത്ത അവസ്ഥയാണുള്ളത്. വിഷയത്തില്‍ ജനങ്ങളുടെ പ്രതിഷേധവും ശക്തമാവുകയാണ്.