കോന്നി : കോന്നിയൂർ പി.കെക്ക് കോന്നി നാട് യാത്രാ മൊഴി നൽകി. ഇന്നലെ അന്തരിച്ച കോന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കോന്നിയൂർ പി.കെക്ക് സമൂഹത്തിന്റെ നാനാ തുറകളിലും പെട്ടവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
രാവിലെ പത്ത് മണിയോടെ പത്തനംതിട്ട മോർച്ചറിയിൽ നിന്ന് കോന്നി എം എൽ എ കെ യു ജനീഷ് കുമാറിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയ മൃതദേഹം പത്തരയോടെ അദ്ദേഹം അഞ്ച് വർഷക്കാലം പ്രസിഡന്റായിരുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പൊതുദര്‍ശനത്തിനു വെച്ചു. തുടർന്ന് സി പി എം കോന്നി ഏരിയ കമ്മറ്റി ഓഫീസിൽ എത്തിച്ചു. കോന്നിയൂർ പി കെ എന്ന വ്യക്തിത്വത്തെ ഒരു തവണയെങ്കിലും പരിചയപ്പെട്ടവർ അദ്ദേഹത്തിന്റെ മൃതദേഹം ഒരു നോക്ക് കാണാൻ ഇവിടേക്ക് ഒഴുകി എത്തി.
തുടർന്ന് 12 മണിയോടെ അദ്ദേഹം ഇപ്പോൾ താമസിക്കുന്ന അട്ടച്ചാക്കൽ ഈസ്റ്റ് മുക്കിലെ വസതിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്നും മൂന്ന് മണിയോടെ സംസ്കാരത്തിന് പയ്യനാമണ്ണിലെ വീട്ടുവളപ്പിലേക്ക് കൊണ്ടുപോയി. നാൽപ്പത് വർഷക്കാലം മലയോര മണ്ണിന്റെ രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ കലാ രംഗത്ത് നിറ സാന്നിധ്യമായിരുന്ന കോന്നിയൂർ പി കെക്ക് നിരവധി പേരാണ് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി അർപ്പിച്ചത്. പൊതു ദർശനം നടന്ന വിവിധ സ്ഥലങ്ങളിൽ കെ യു ജനീഷ് കുമാർ എം എൽ എ, ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി, സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ, സി പി ഐ സംസ്ഥാന കൌൺസിലംഗം പി ആർ ഗോപിനാഥൻ, സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മലയാലപ്പുഴ ശശി, സി പി ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ രാജേഷ്,
സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം എം പി മണിയമ്മ, സി പി ഐ ജില്ലാ കൌൺസിലംഗം സി കെ അശോകൻ , അഡ്വ കെ എൻ സത്യാനന്ദപ്പണിക്കർ, ഡി സി സി പ്രസിഡന്റ് ബാബു ജോർജ്ജ്, കെ പി സി സി ജനറൽ സെക്രട്ടറി സതീഷ് കൊച്ചുപറമ്പിൽ, എസ് എൻ ഡി പി യോഗം ചെയർമാൻ കെ പത്മകുമാർ, സംഗേഷ് ജി നായർ, എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് എ ദീപകുമാർ, സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം ആർ ഉണ്ണികൃഷ്ണപിള്ള, വിക്ടർ ടി തോമസ്,
കോന്നി ബ്ലോക്ക് പ്രസിഡൻറ് എം വി അംമ്പിളി,ഇലന്തൂർ ബ്ലോക്ക് പ്രസിഡൻ്റ് ഇന്ദിര ദേവി,റാന്നി ബ്ലോക്ക് പ്രസിഡന്റ് കെ എസ് ഗോപി, ബ്ലോക്ക് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ, വർഗ ബഹുജന സംഘടന നേതാക്കൾ, സാമുദായിക നേതാക്കൾ, ബി ഡി ഒ ലാൽ കുമാർ, മുൻ ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു, ലീലാരാജൻ, ഫാ ജോർജ്ജ് ഡേവിഡ്, സർവ്വീസ് സഹകരണബാങ്ക് ബോർഡ് മെംബർമാർ, കേരള ജേർണലിസ്റ്റ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.