കോട്ടാങ്ങല്‍: ശ്രീ മഹാഭദ്ര കാളി ക്ഷേത്രത്തിലെ എട്ടു പടയണിക്കു ഇന്ന് ചൂട്ടു വെക്കും. ക്ഷേത്ര ശ്രീകോവിലിൽ നിന്നും മേൽശാന്തി മുകുന്ദൻ ഭട്ടതിരിപ്പാട് പകർന്നു നൽകുന്ന അഗ്നിചൈതന്യം കരനാഥൻമാർ ചൂട്ടു കറ്റയിലേക്ക് ആവാഹിക്കുമ്പോൾ ഒരു ദേശം ഉണരുകയായി. കുളത്തൂർ കരക്കു വേണ്ടി പുത്തൂർ രാധാകൃഷ്ണ പണിക്കരും കോട്ടാങ്ങൽ കരക്കു വേണ്ടി കടൂർ രാധാകൃഷ്ണ കുറുപ്പും ആണ് ചൂട്ടു വെക്കുന്നത്. കരക്കാരുടെയും മുറിക്കാരുടെയും അനുവാദം തേടി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ആണ് കരനാഥൻമാർ ചൂട്ടു വെക്കുന്നത്. എട്ടു പടയണി ചൂട്ടു വെപ്പ് എന്ന ചടങ്ങിൽ കൂടി ആണ് ക്ഷേത്രത്തിൽ പടയണിക്കു തുടക്കം കുറിക്കുന്നത്. പടയണി കളത്തിലേക്ക് ദേവിയെ വിളിച്ചിറക്കുന്നു എന്നും വിശ്വാസം ഉണ്ട്. ധനു മാസത്തിലെ ഭരണി മുതൽ മകര മാസത്തിലെ ഭരണി വരെ ആണ് പടയണി. അതിൽ മകര ഭരണിക്കു മുൻപുള്ള 8 ദിവസങ്ങളിൽ ആണ് ക്ഷേത്രത്തിൽ പടയണി നടക്കുന്നത്.
കുളത്തൂർ കോട്ടാങ്ങൽ കരക്കാർ മത്സര ബുദ്ധിയോടെ ഒന്നിട വിട്ട ദിവസങ്ങളിൽ ചിട്ട വട്ടങ്ങൾ പാലിച്ചു വൃത ശുദ്ധിയോടെ നടത്തുന്ന പടയണി കാണാൻ സ്വദേശത്തു നിന്നും വിദേശത്ത് നിന്നും ധാരാളം ആളുകൾ എത്തുന്ന പതിവുണ്ട്. ജനുവരി 12 നു ചൂട്ടുവലത്തു നടക്കും. 13, 14 ഗണപതി കോലം, 15, 16 അടവി 17, 18 തീയതികളിൽ വലിയ പടയണിയും നടക്കും. വലിയ പടയണി നാളുകളിൽ തിരുവാഭരണ, തിരുമുഖ ദർശനം സാധ്യമാണ്. പടയണിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി വിവിധ വകുപ്പുകളുടെ ഏകോപന യോഗം ആര്‍.ഡി.ഒ,എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു. പത്രസമ്മേളനത്തിൽ ദേവസ്വം പ്രസിഡണ്ട് സുനിൽ വെളിക്കര സെക്രട്ടറി ടി സുനിൽ താന്നിക്കപൊയ്കയിൽ കുളത്തൂർ പടയണി കമ്മിറ്റിജനറൽ കൺവീനർ, ഹരികുമാർ കൊച്ചു പുതുപ്പറമ്പിൽ, കോട്ടാ ങ്ങൽ പടയണി കമ്മിറ്റി ജനറൽ സെക്രട്ടറി അരുൺ കൃഷ്ണ കാരക്കാട്, പടയണി കോര്‍ഡിനേറ്റർ അനീഷ് ചുങ്കപ്പാറ എന്നിവർ പങ്കെടുത്തു.