കൊല്ലം: അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോക്ടര്‍ വന്ദനയുടെ മൃതദേഹം കോട്ടയത്തെ വീട്ടിലെത്തിച്ചു. വന്‍ജനാവലിയാണ് വന്ദനക്ക് യാത്രൊമൊഴിയേകാന്‍ വീട്ടിലേക്ക് ഒഴുകിയെത്തിയത്. മൃതദേഹം നാളെയാണ് സംസ്‌കരിക്കുക. ഇന്ന് രാവിലെയാണ് വന്ദനയെ അക്രമി കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട വനിതാ ഹൗസ് സര്‍ജന്റെ ശരീരത്തില്‍ 11 കുത്തുകളേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. കോട്ടയം സ്വദേശിനിയായ ഡോക്ടര്‍ വന്ദന ദാസാണ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്ക്കെത്തിയ കൊല്ലം സ്വദേശി സന്ദീപാണ് ഡോക്ടറെ ആക്രമിച്ചത്. ലഹരിക്കടിമയായ പ്രതി യാതൊരു പ്രകോപനവുമില്ലാതെ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. പ്രതി അക്രമാസക്തനാകുന്നതുകണ്ട് ഭയന്ന ഡോക്ടര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ കഴുത്തിലും നെഞ്ചിലും പിന്‍ഭാഗത്തുമായി കുത്തി. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും എട്ടരയോടെ മരണം സംഭവിക്കുകയായിരുന്നു.