കൊട്ടാരക്കര : വീട്ടമ്മയുടെ വാട്സ്ആപ്പ് ബംഗാൾ സ്വദേശി ഹാക്ക് ചെയ്തെന്ന് പരാതി. കൊട്ടാരക്കര വെട്ടിക്കവല സ്വദേശിനിയായ വീട്ടമ്മയുടെ ഫോണിലെ വാട്സ്ആപ്പ് വിവരങ്ങൾ ശേഖരിച്ച് ബംഗാൾ സ്വദേശി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഒരാഴ്ചയായി വാട്സ്ആപ്പ് നിർജീവമായിരുന്നു. എന്നാൽ ഇതിനിടെ തന്റെ വാട്സ്ആപ്പ് ഉപയോഗിച്ച് വായ്പ കുടിശിക പിരിച്ചെടുക്കാൻ ശ്രമിച്ചെന്ന് വിവരം ലഭിച്ചതോടെയാണ് ഇവർ പരാതിയുമായി എത്തിയത്. വാട്സ്ആപ്പ് സന്ദേശം ലഭിച്ച പലരും ഫോണിൽ ബന്ധപ്പെട്ടതോടെയാണ് കാര്യം അറിഞ്ഞത്.
ഇതോടെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മ സൈബർ പോലീസിൽ പരാതി നൽകി. നഷ്ടമായ വാട്സ്ആപ്പ് സൈബർ വീണ്ടെടുക്കുകയും തുടർ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആൻഡ്രോയ്ഡ് ഫോണുകൾ മറ്റാർക്കും നൽകുകയോ അജ്ഞാത വിളികളിൽ പ്രതികരിക്കുകയോ ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.